കൊച്ചി: ബംഗൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് രണ്ട് ദിവസത്തിനുള്ളിൽ ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തിന് അടുത്തെത്തും. ന്യൂനമർദ്ദം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
മഴ മുന്നറിയിപ്പ് ജാഗ്രതാ നിർദേശങ്ങൾ:
1) മഴക്കാറുള്ളപ്പോഴോ ഇടിമിന്നൽ ഉള്ളപ്പോഴോ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലിന്റെ ലക്ഷണം ഉണ്ടെങ്കിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
2) ഇടിമിന്നൽ ഉള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
3) ജനലും വാതിലും അടച്ചിടുക.
4) ലോഹ വസ്തുക്കളിൽ സ്പർശിക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്ത് പോകരുത്.
5) വീടിന് പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
6) യാത്ര ചെയ്യുകയാണെങ്കിൽ വാഹനം ഏതെങ്കിലും തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
7) ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
8) ഇടിമിന്നൽ സമയത്ത് പട്ടം പറത്താൻ പാടില്ല.
9) തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
10) ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
11) ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...