തിരുവനന്തപുരം: എന്ത് സംഭവിച്ചാലും സിൽലർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലിടാനെത്തുന്ന ഉദ്യാഗസ്ഥരെ തടയുന്നതിലാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്. സർക്കാരിനെതിരെ വീണ് കിട്ടിയ അവസരം പരമാവധി മുതലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും.
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഒരിടത്തും ഇനി കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല. വിവിധ ഇടങ്ങളിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയാനും നേതാക്കളും പ്രവർത്തകരും കൂടുതൽ സജീവമായി രംഗത്തിറങ്ങും. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇപ്പോൾ സമര രംഗത്തുളള എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. രാഷ്ടീയമോ കൊടിയുടെ നിറമോ നോക്കാതെ പ്രാദേശിക സമര സമിതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഒപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.
പ്രാദേശിക തലങ്ങളിലെ എല്ലാ സമരങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പങ്കാളികളാകും. സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ രൂപീകരിച്ച കരുതൽ പട മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജനവികാരം പരമാവധി സർക്കാരിന് എതിരാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബിജെപിയെക്കാൾ കോൺഗ്രസ് പ്രവർത്തകരാണ് സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിനാൽ സമരത്തിന്റെ നേട്ടം മറ്റാരെങ്കിലും കൊണ്ട് പോകുമോ എന്ന ആശങ്ക താൽക്കാലം കോൺഗ്രസ് നേതാക്കൾക്കില്ല.
സിൽവർ ലൈൻ പദ്ധതിയെ ക്കുറിച്ച് വിശദീകരിക്കുന്നതിന് വീടുകൾ കയറിയുള്ള പ്രചരണത്തിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ജനസദസ്സുകൾ സംഘടിപ്പിച്ച് ഇതിനെ മറികടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ബോധവൽക്കരണത്തിനായി വീഡിയോ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തിറക്കും. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...