തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രിയുടെ ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകാൻ 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചു. അറിയിച്ചു. ഇതിൽ മൂന്ന് പേർ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. ഇവർ നൽകുന്ന പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബുധനാഴ്ച പുന:രാരംഭിക്കും. പരീക്ഷാ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘർഷവും സർക്കാർ ഗൗരവമായി കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് ഇരട്ട മൂല്യ നിർണയമാണ് നിലവിലുള്ളത്. അത് കൊണ്ട് തന്നെ വിദ്യാർത്ഥിക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ല.
ഹയർ സെക്കൻഡറിയിലെ കെമിസ്ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകർ മാത്രമാണ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. ഇത് പരീക്ഷാ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമായേ കാണാൻ കഴിയു. സാധാരണ നിലയിൽ ഒരു അധ്യാപകനും പരീക്ഷാ സംബന്ധമായി രഹസ്യ സ്വഭാവമുള്ള കാര്യങ്ങളും പാലിച്ചിരിക്കേണ്ട പരീക്ഷാ സംബന്ധമായ അച്ചടക്കവും ലംഘിക്കാറില്ല.
സോഷ്യൽ മീഡിയ കൂട്ടായ്മയിൽപ്പെട്ടുപോയ നിരപരാധികളായ അധ്യാപകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ കാര്യത്തിൽ എസ്.സി.ഇ.ആർ.ടി.യുടെ മേൽനോട്ടത്തിലാണ് ചോദ്യകടലാസ് നിർമ്മാണം നടത്തുന്നത്. ഓരോ വിഷയത്തിനും 6 വരെ സെറ്റ് ചോദ്യക്കടലാസുകൾ നിർമ്മിക്കാറുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.
ചോദ്യ പേപ്പറുകളുടെ പുനപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട സമിതി ഉത്തരസൂചിക പരിശോധിച്ചപ്പോഴാണ് ഈ വർഷത്തെ കെമിസ്ട്രി ഉത്തരസൂചികയിൽ ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടുതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലും ക്രമീകരിച്ചത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ചെയർമാന്റെ വിവേചന അധികാരം ഉപയോഗിച്ച് ചോദ്യകർത്താവ് നൽകിയ ഉത്തര സൂചിക കഴിഞ്ഞ ഏപ്രിൽ 26ന് പ്രസിദ്ധീകരിച്ചിരുന്നു. വേഗത്തിൽ പരാതികൾ അറിയിക്കാനുള്ള ധാരാളം സംവിധാനങ്ങൾ ഉണ്ടായിട്ടും മൂല്യനിർണയ ദിവസം വരെ ഒരുവിധത്തിലുള്ള പരാതിയും ആരും നൽകിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...