തിരുവനന്തപുരം : കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് പിൻവലിക്കുക.
പിഎസ്സ്സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും.
ALSO READ : പോപ്പുലർ ഫ്രണ്ട് 5 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി;തുക കെട്ടിവച്ച ശേഷം മാത്രം ജാമ്യം
യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.