തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ച് മന്ത്രിസഭായോഗം. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങാൻ അനുമതി നൽകിയത്. ഉയർന്ന സുരക്ഷയുള്ള വാഹനം വാങ്ങുന്നതിനായാണ് 35 ലക്ഷം രൂപ അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങാൻ ഒരുങ്ങുന്നത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നവംബർ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് തീരുമാനം.
നിലവിലെ കാറുകൾ അപര്യാപ്തം, പത്ത് മന്ത്രിമാർക്ക് പുത്തൻ കാറുകൾ; മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: മന്ത്രിമാർക്കായി പത്ത് പുതിയ കാറുകൾ വാങ്ങാൻ മന്ത്രിസഭായോഗത്തിൽ അംഗീകാരം. മൂന്ന് കോടി 22 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ വാഹനങ്ങൾ അപര്യാപ്തമാണെന്നാണ് വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കുന്നത്. ഇന്നോവ ക്രിസ്റ്റ തന്നെയാണ് മന്ത്രിമാർക്കായും വാങ്ങുന്നത്. ഒരു കാറിന് 32 ലക്ഷം രൂപയാണ് വില. മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്.
വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്ന് മന്ത്രിമാർ പറയുന്നു. ഏതാനും മാസം മുൻപ് ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 10 വാഹനങ്ങൾ വാങ്ങുന്നത് ധനകാര്യവകുപ്പ് എതിർത്തിരുന്നു. അഞ്ച് വാഹനങ്ങൾ വാങ്ങാനാണ് ധനവകുപ്പ് അനുമതി നൽകിയത്. ഇതിനെ മറികടന്നാണ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. മുഖ്യമന്ത്രി കിയ കാർണിവൽ വാങ്ങിയിട്ട് ഒരു മാസമായില്ല. അതിന് ഏതാനും മാസം മുൻപ് പുതിയ മൂന്ന് കാറുകളും വാങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...