തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം ഗൗരവ സ്വഭാവമുള്ളതാണെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് നിയമസഭയിൽ വ്യക്തമാക്കി.
സബ്മിഷനായിട്ടാണ് പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ബ്രഹ്മപുരത്തെ രണ്ട് കരാറുകാരും കരാർ അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരാർ നീട്ടി നൽകണമെങ്കിൽ പരിശോധന നടത്തണമെന്നും അത് ഒഴിവാക്കാനുള്ള അട്ടിമറി നീക്കം തീപിടിത്തത്തിന് പിന്നിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോടികളുടെ അഴിമതി ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
ALSO READ: Fire in Brahmapuram Plant: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; കൊച്ചി നഗരത്തിൽ കനത്ത പുക
അതേസമയം, രണ്ടു ദിവസം കൊണ്ട് തീ പൂർണമായും കെടുത്താൻ ആകുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, ബ്രഹ്മപുരം തീപിടിത്തത്തിൽ തീയും പുകയും നിയന്ത്രിക്കുന്നതിൽ കൊച്ചി കോർപ്പറേഷൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:45 ഓടെ തീ അനിയന്ത്രിതമാകുകയായിരുന്നു. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് കാറ്റിന്റെ ദിശ അനുസരിച്ച് തീ കൂടുതൽ പടരുകയായിരുന്നു. പ്ലാന്റിനടുത്തുള്ള വീടുകളിൽ നിന്ന് മിക്ക ആളുകളും മാറിത്താമസിക്കുകയാണ്.
ALSO READ: Brahmapuram plant fire: ബ്രഹ്‌മപുരത്തെ പുകയില്‍ മുങ്ങി കൊച്ചി; പാലാരിവട്ടം ഭാഗത്തും കലൂരും കനത്ത പുക
പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തിപ്പടരുകയായിരുന്നു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായതാണ് റിപ്പോർട്ട്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...