ഇടുക്കി: മലയാളിക്ക് ഓണപ്പൂക്കളമിടാൻ പൂപ്പാടങ്ങളൊരുക്കി തമിഴ്നാട്. ഓണനാളുകളിൽ പൂക്കൾ എത്തിക്കാൻ ശീലയം പെട്ടിയിലെ പൂപ്പാടങ്ങൾ തയ്യാറായിക്കഴിഞ്ഞു. കിലോക്കണക്കിന് പൂക്കളാണ് തമിഴ്നാട്ടിൽ നിന്നും ദിവസവും ഇടുക്കി ജില്ലയിലേക്ക് മാത്രം എത്തുന്നത്.
ഓണം മലയാളിയുടെ ആഘോഷമാണെങ്കിലും അതിന്‍റെ ഒരുക്കങ്ങൾ തമിഴ്നാട്ടിലും തകൃതിയായി നടക്കുന്നുണ്ട്. അത്ത പൂക്കളമിടാൻ പൂക്കളിൽ ബഹുഭൂരിപക്ഷവും തമിഴ്നാട്ടിൽ നിന്ന് എത്തണം. അതുകൊണ്ട് തന്നെ ചിങ്ങമാസം പിറന്നതോടെ തമിഴ്നാട്ടിലെ പൂ കർഷകർ ആഹ്ളാദത്തിലാണ്.
തമിഴ്നാട്ടിലെ തേനി ജില്ലയിൽ ഉൾപ്പെടുന്ന ശീലയംപെട്ടി ഗ്രാമത്തിലാണ് ഓണം ലക്ഷ്യമാക്കി പൂക്കൾ വൻതോതിൽ കൃഷി ചെയ്തിരിക്കുന്നത്. ജമന്തി, വാടാമുല്ല, അരളി എന്നിവയാണ് പ്രധാന കൃഷി. ഇത്തവണ അനുകൂല കാലാവസ്ഥയും മികച്ച വിളവും ലഭിച്ച സന്തോഷത്തിലാണ് കർഷകർ. ഓണത്തോടനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ഇവർക്ക് വർഷത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം ലഭിക്കുന്നത്.
ജമന്തി -80, വെള്ള ജമന്തി-300, ചെത്തി-180, അരളി-250, വെള്ള അരളി-400, വാടാമുല്ല-180, എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ശീലയംപെട്ടി മാർക്കറ്റിൽ നിന്ന് മാസം ശരാശരി 30 ടൺ പൂവ് കേരളത്തിൽ എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കർക്കടകമായതിനാൽ കഴിഞ്ഞമാസം വ്യാപാരം കുറഞ്ഞിരുന്നു. എന്നാൽ മാർക്കറ്റിൽ ഇപ്പോൾ താരം മുല്ലയാണ്. 700 രൂപയാണ് വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...