Thiruvananthapuram: സംസ്ഥാന സര്‍ക്കാര്‍ കനത്ത അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ജന പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ BJP നടത്തുന്ന നീക്കങ്ങള്‍ക്ക് ഗ്രൂപ്പ് വഴക്ക് തടസ്സമാവുന്നു....
തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ജനപിന്തുണ വര്‍ദ്ധിപ്പിച്ച് പരമാവധി സീറ്റുറപ്പിക്കാന്‍ രംഗത്തിറങ്ങിയ ബിജെപി ഗ്രൂപ്പ് പോരില്‍ തളരുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങള്‍ മുന്‍ നിര്‍ത്തി ഇടത് വിരുദ്ധ പ്രചാരണത്തിന് തുടക്കമിടുകയും പരമാവധി വോട്ടുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഗ്രൂപ്പ് പോര് രൂക്ഷമായത്.
ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ്വഴക്കം ലംഘിച്ച് സംസ്ഥാന വൈസ് പ്രസിഡനന്റാക്കിയതിനെതിരേ ശോഭാ സുരേന്ദ്രനാണ് ആദ്യം രംഗത്തെത്തിയത്. ദീര്‍ഘനാളത്തെ മൗനത്തിന് ശേഷമാണ് അവര്‍ പ്രതികരിച്ചത് എന്നത് വസ്തുതയാണ്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ ലക്ഷ്യംവച്ചായിരുന്നു അവരുടെ പ്രതികരണം.
തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാവ് പി. എം. വേലായുധനും സുരേന്ദ്രനെതിരേ രംഗത്തെത്തിയിരുന്നു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സംസ്ഥാന അദ്ധ്യക്ഷനെതിരേ നിലനില്‍ക്കുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നിരിയ്ക്കുകയാണ്.
തന്നെപ്പോലെ ഒട്ടേറെ പേര് വീടുകളില്‍ ഇരിക്കുകയാണെന്നും വിഷമം പറയാന്‍ സംസ്ഥാന അദ്ധ്യക്ഷനെ നിരവധി തവണ വിളിച്ചെങ്കിലും ഈ നിമിഷം വരെ തിരിച്ച് വിളിച്ചിട്ടില്ലെന്ന് വേലായുധന് പറഞ്ഞു. മക്കള്‍ വളര്‍ന്ന് ശേഷിയിലേക്ക് വരുമ്പോള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഇട്ടതു പോലെയാണിതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രനു വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്. അടിയന്തരാവസ്ഥ കാലത്ത് തല്ലുകൊണ്ട് രണ്ടുതവണ ജയിലില്‍ കിടന്നിരുന്നു. ഒരു ആശയത്തിന് വേണ്ടി ഉറച്ചുനിന്നയാളാണ്. ഇന്ന് തനിക്ക് ഏറെ വേദനയുണ്ടെന്നു പറഞ്ഞാണ് പി എം വേലായുധന് മാധ്യമങ്ങള്‍ക്ക് മുന്പില് വിതുമ്പിയത്.
Also read: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി, അമിതാഭ് ബച്ചനെതിരെ പോലീസ് കേസ്
അതേസമയം, നിലവിലെ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ യാതൊരുവിധത്തിലും ബാധിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിയ്ക്കുന്ന മുന്നറിയിപ്പ്. പരസ്യമായ വിഴുപ്പലക്കലില്‍ യാതൊരു വിധ അഭിപ്രായ പ്രകടനങ്ങളും പാടില്ലെന്നും സംസ്ഥാന നേതാക്കള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് ശോഭ സുരേന്ദ്രനും വേലായുധനും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പരസ്യപ്രതികരണം വേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.