ദേശീയപാത വികസനത്തില്‍ ഇനി ചര്‍ച്ചയില്ല; ഗെയില്‍ വാതക പൈപ്പ് ലൈന്‍ അനിവാര്യം -പിണറായി

Last Updated : Jun 13, 2016, 01:06 PM IST
ദേശീയപാത വികസനത്തില്‍ ഇനി ചര്‍ച്ചയില്ല; ഗെയില്‍ വാതക പൈപ്പ് ലൈന്‍ അനിവാര്യം -പിണറായി

സംസ്ഥാനത്തെ ദേശീയപാത വികസനത്തിലും വാതക പൈപ്പ് ലൈന്‍ വിഷയത്തിലും നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ തന്നെ വികസിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി യോഗ തീരുമാനമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. എതിര്‍പ്പുള്ളത് കൊണ്ട് മാത്രം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷേിക്കില്ലെന്നും അദ്ദേഹം പറഞ്ഞു..  മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രത്തിലൂടെ പോകുന്നിതില്‍ അപകടമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. വ്യവസ്ഥകളില്‍ മനം മടുത്ത് വ്യവസായികള്‍ കേരളം വിടുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകും. ഇതിന് അനുയോജ്യമായ വ്യവസായ നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും. കച്ചവടക്കാരെ അകാരണമായി പീഡിപ്പിക്കുന്ന വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

വലിയ തോതില്‍ ജനവാസ കേന്ദ്രങ്ങളിലൂടെയും വാതക പൈപ്പ് ലൈന്‍ പദ്ധതി കടന്നുപോവുന്നുണ്ട്. നമ്മുടെ റോഡുകളിലൂടെയും പൈപ്പ് ലൈന്‍ പോകുന്നുണ്ട്. ഏത് പദ്ധതിയിലും ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. എന്നുവെച്ച് പദ്ധതിതന്നെ വേണ്ടെന്നുവെക്കാനാവില്ല. ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ് ഇതിന് വേണ്ടത് -പിണറായി വിശദീകരിച്ചു. പദ്ധതികള്‍ക്ക് ഭൂമി വേണമെന്നത് ന്യായമായ ആവശ്യമാണ്. ഭൂമി നല്‍കുന്നവര്‍ക്ക് പ്രയാസമുണ്ടാവുമെന്നതും കാണാതിരിക്കരുത്.  ഭൂമി നഷ്ടപ്പെടുന്നവരെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടാനും പാടില്ല. ഒരാളുടെ പ്രശ്നവും നാടിന്‍റെ പ്രശ്നവും ഒരുമിച്ചുവന്നാല്‍ നാടിനൊപ്പമാണ് നില്‍ക്കേണ്ടത്. വ്യക്തിയുടെ പ്രശ്നവും കുടുംബത്തിന്‍െറ പ്രശ്നവുമാവുമ്പോള്‍ കുടുംബത്തിനൊപ്പമാണ് നില്‍ക്കേണ്ടത്. നാടിന്‍െറ താല്‍പര്യം സംരക്ഷിച്ചേ ഏത് പദ്ധതിയും നടപ്പാക്കൂ. വികസനത്തില്‍ സ്വകാര്യ പങ്കാളിത്തവും സര്‍ക്കാര്‍ ഉറപ്പാക്കും. ഇക്കാര്യത്തില്‍ പഴയ നിലപാടില്‍ മാറ്റമില്ല

മലബാറിന്‍െറ പിന്നാക്കാവസ്ഥയെന്നത് വസ്തുതയാണ്. എല്ലാ ജനങ്ങളുടേതെന്നപോലെ പ്രദേശത്തിന്‍െറയും വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വികസനത്തില്‍ മലബാറിന് പ്രത്യേക ശ്രദ്ധയുണ്ടാവും. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന കരിപ്പൂര്‍ വിമാനത്താവളം ഒട്ടേറെ കുറവുകള്‍ നേരിടുകയാണ്. ഭൂമി ഏറ്റെടുക്കലാണ് ഇവിടെയും പ്രശ്നം. ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കില്ല. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സൗകര്യമൊരുക്കും. വിമാനത്താവള വികസനത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. വിമാനത്താവള അധികൃതരും കലക്ടറുമായുള്ള ചര്‍ച്ചയാണ് ഇനിയുള്ളത്. അതിനുശേഷം വിവിധ സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായം കേള്‍ക്കും. നൂലാമാലകളില്‍പെട്ട് വ്യവസായ സംരംഭങ്ങള്‍ മുടങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവില്ല. ഈ വിഷയത്തില്‍ സമഗ്രമായ നയം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും പിണറായി വ്യക്തമാക്കി.

Trending News