Muslim League: പാണക്കാട് തുടങ്ങി, പാണക്കാട് ഒതുങ്ങുന്ന മുസ്ലീം ലീഗ്; അധ്യക്ഷ പദവിയിലെ ചോദ്യം ചെയ്യപ്പെടാത്ത കുടുംബവാഴ്ചയുടെ ചരിത്രം

പൂക്കോയ തങ്ങളുടേയും മുഹമ്മദലി തങ്ങളുടേയും ഹൈദരലി തങ്ങളുടേയും  കാലം കണക്കാക്കിയാല്‍ അര നൂറ്റാണ്ടോളം മുസ്ലീം ലീഗ് അധ്യക്ഷ സ്ഥാനം പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിലായിരുന്നു

Written by - Binu Phalgunan A | Last Updated : Mar 7, 2022, 07:44 PM IST
  • 1973 ൽ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മരണത്തിന് ശേഷം മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻമാരെല്ലാം പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടുകാർ ആയിരുന്നു
  • ആദ്യം പിഎംഎസ്എ പൂക്കോയ തങ്ങളും അദ്ദേഹത്തിന്റെ മരണശേഷം മുഹമ്മദലി ശിഹാബ് തങ്ങളും അധ്യക്ഷസ്ഥാനത്തെത്തി. മൂന്നര പതിറ്റാണ്ടോളം മുഹമ്മദലി ശിഹാബ് തങ്ങൾ തുടർന്നു
  • മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം സഹോദരൻ ഹൈദരലി ശിഹാബ് തങ്ങളും ഒടുവിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മരണശേഷം സാദിഖലി ശിഹാബ് തങ്ങളും അധ്യസ്ഥാനത്തെത്തി.
Muslim League: പാണക്കാട് തുടങ്ങി, പാണക്കാട് ഒതുങ്ങുന്ന മുസ്ലീം ലീഗ്; അധ്യക്ഷ പദവിയിലെ ചോദ്യം ചെയ്യപ്പെടാത്ത കുടുംബവാഴ്ചയുടെ ചരിത്രം

മലപ്പുറം: മുസ്ലീം ലീഗിന്റെ അവസാന വാക്ക് എന്നാല്‍ അത് പാണക്കാട് തങ്ങളുടേതാണ് എന്ന മട്ടിലാണ് രാഷ്ട്രീയ കേരളം ഇന്ന് വിലയിരുത്തുന്നത്. ദേശീയ അധ്യക്ഷനേക്കാള്‍ വലിയ സംസ്ഥാന അധ്യക്ഷനുള്ള പാര്‍ട്ടിയെന്ന വിശേഷണവും പലരും മുസ്ലീം ലീഗിന് ചാര്‍ത്തി നല്‍കാറുണ്ട്. പതിറ്റാണ്ടുകളായി, പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടുകാർ മാത്രം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അധ്യക്ഷ പദവിയുടെ കാര്യത്തില്‍ സമഗ്രമായ കുടുംബാധിപത്യം എന്ന് വിശേഷിപ്പിക്കാം.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ശേഷം സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ആയിരുന്നു സംസ്ഥാന അധ്യക്ഷനായത്. ഇപ്പോള്‍, ഹൈദരലി ശിഹാബ് തങ്ങളുടെ മരണശേഷം, മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ സാദിഖലി ശിഹാബ് തങ്ങളും അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതിയാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് എന്നതാണ് ചട്ടവും  വഴക്കവും. കഴിഞ്ഞ അരനൂറ്റാണ്ടോളമായി ആ തിരഞ്ഞെടുപ്പുകളെല്ലാം പാണക്കാട്ടെ തങ്ങള്‍ കുടുംബത്തില്‍ മാത്രമാണ് അവസാനിക്കാറുള്ളത് എന്ന് മാത്രം.

മുസ്ലീം ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍, അധ്യക്ഷ പദവിയിലെ പാണക്കാട് സ്വാധീനം തന്നെ ആയിരിക്കും മുന്നിട്ട് നില്‍ക്കുന്നത്. കുടുംബാധിപത്യത്തിനെതിരെ നടന്ന ഒരു ഉള്‍പാര്‍ട്ടി പ്രക്ഷോഭത്തിന്റെ പരിണിതഫലമായിട്ടാണ് പാണക്കാട് കുടുംബാംഗങ്ങള്‍ മാത്രം സംസ്ഥാന അധ്യക്ഷപദവിയില്‍ എത്തുന്ന ഈ നിലയിലേക്ക് എത്തിയത് എന്നത് ഒരു വൈരുദ്ധ്യമാണ്. 

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മരണത്തിന് ശേഷമാണ് മുസ്ലീം ലീഗില്‍ പാണക്കാട് ആധിപത്യം തുടങ്ങുന്നത്. 1973 ല്‍ ആയിരുന്നു ബാഫഖി തങ്ങളുടെ മരണം. അതിന് ശേഷം, ഉമര്‍ ബാഫഖി തങ്ങളുടെ പേരായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍, മരുമക്കത്തായം വഴി പതിച്ചുനല്‍കാനുള്ളതല്ല, അധ്യക്ഷസ്ഥാനം എന്ന വാദമുയര്‍ത്തി ഒരു വിഭാഗം ആ നീക്കത്തെ വെട്ടി. അങ്ങനെയാണ് പാണക്കാട് കുടപ്പനയ്ക്കല്‍ കുടുംബാംഗമായ പിഎംഎസ്എ പൂക്കോയ തങ്ങള്‍ എന്ന പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകുന്നത്.

1975 ല്‍ പിഎംഎസ്എ പൂക്കോയ തങ്ങള്‍ അന്തരിച്ചു. മുസ്ലീം ലീഗിന് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വന്നു. പൂക്കോയ തങ്ങളുടെ മകന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കായിരുന്നു ആ നിയോഗം. മരുമക്കത്തായത്തിനെതിരെ വാളെടുത്തവര്‍ പക്ഷേ, മക്കത്തായത്തെ അന്ന് എതിര്‍ത്തതും ഇല്ല. പിന്നീട് നീണ്ട മൂന്നര പതിറ്റാണ്ട് മുസ്ലീം ലീഗിന്റെ അമരക്കാരനായിരുന്നത് ഇതേ മുഹമ്മദലി ശിഹാബ് തങ്ങള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു പതിറ്റാണ്ടിലേറെ ആ പദവിയില്‍ ഇരുന്നു. പൂക്കോയ തങ്ങളുടേയും  ഹൈദരലി തങ്ങളുടേയും  കൂടി കാലം കണക്കാക്കിയാല്‍ അര നൂറ്റാണ്ടോളം മുസ്ലീം ലീഗ് അധ്യക്ഷ സ്ഥാനം പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിലായിരുന്നു എന്ന് കാണാം.

രാഷ്ട്രീയ നേതൃത്വം എന്നതിനപ്പുറം ഒരു ആത്മീയ നേതൃസ്ഥാനം ആണ് മിക്കപ്പോഴും പാണക്കാട് കുടുംബത്തിനും ലീഗിന്റെ സംസ്ഥാന അധ്യക്ഷനും നല്‍കിപ്പോരാറുള്ളത്.  അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ പാണക്കാട്ടെ തങ്ങള്‍മാരെ കാണാറുണ്ടായിരുന്നില്ല എന്നതും വലിയ പ്രത്യേകതയായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നു. എന്നാല്‍ അടുത്തിടെ ഉയര്‍ന്ന ചില വിവാദങ്ങള്‍, ഈ പൊതുബോധത്തെ ഏതാണ്ട് പൂര്‍ണമായും തകര്‍ക്കുന്നവയായിരുന്നു എന്നത് വാസ്തവമാണ്. തങ്ങള്‍ കുടുംബത്തില്‍ നിന്ന് തന്നെ പരസ്യ പ്രതികരണങ്ങളും പൊട്ടിത്തെറികളും ഉണ്ടായത് അണികളില്‍ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. പുതിയ അധ്യക്ഷൻ വരുന്പോൾ, പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ കീഴ് വഴക്കങ്ങൾ അതുപോലെ തുടരുമോ, അതോ പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കപ്പെടുമോ?

 

Trending News