കൊച്ചി: രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് കൂടി നീങ്ങുകയാണ്. ആരൊക്കെ, ഏതൊക്കെ സഖ്യങ്ങളില്‍ ഉണ്ടാകും എന്നത് സംബന്ധിച്ച് വിശാല ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇത്തവണ എങ്ങനെ ആയിരിക്കും സഖ്യസമവാക്യങ്ങള്‍ എന്നത് ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയനിരീക്ഷകര്‍ കാത്തിരിക്കുന്ന കാര്യവും ആണ്.
ഇതിനിടയിലാണ് ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും സമുന്നത നേതാക്കള്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആണ് ഈ അപൂര്‍വ്വ സംഗമത്തിന്റെ വേദി. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ആണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.
മെയ് 14 ന് കൊച്ചിയില്‍ ആണ് പരിപാടി. 'ഇന്ത്യന്‍ ജനാധിപത്യം: പ്രതീക്ഷകള്‍, ആശങ്കകള്‍' എന്ന വിഷയത്തിലാണ് ചര്‍ച്ച. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇവര്‍ക്കൊപ്പം ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിഎം ഹര്‍ഷന്‍ ആണ് മോഡറേറ്റര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇടതുപക്ഷവുമായി വേദി പങ്കിടാനെത്തുന്നു എന്നത് തന്നെയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
മെയ് 12, 13, 14 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയിലാണ് ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയുടെ ആഭിമുഖ്യത്തില്‍ യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി സാഹിത്യകാരന്മാര്‍, കലാപ്രതിഭകള്‍, ദേശീയ രാഷ്ട്രീയ നേതാക്കള്‍, സിനിമ - നാടക പ്രവര്‍ത്തകര്‍, യുവപ്രതിഭകള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരനും ജെസിബി അവാര്‍ഡ് ജേതാവുമായ ബെന്യാമിനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
സെലിബ്രേഷന്‍ ഓഫ് ഡൈവേഴ്‌സിറ്റി എന്നതാണ് ഈ പരിപാടിയുടെ മുദ്രാവാക്യം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. വൈവിധ്യങ്ങളെ തകര്‍ക്കുന്ന, ഏകശിലാത്മകമായ ഒരു സംസ്‌കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഭരണകൂടമാണ് ഇപ്പോഴുള്ളത്. അത്തരം ഭരണകൂടങ്ങളുടെ ചെയ്തികള്‍ക്കെതിരായി, വളരെ വിപുലമായ ജനാധിപത്യ സംവാദവും ജനാധിപത്യ കൂട്ടായ്മയും സമരവും ഉണ്ടാവേണ്ടതുണ്ട്. ഈ പരിപാടി അത്തരത്തിലുള്ള യുവതയുടെ ഒരു സമരരാഷ്ട്രീയമാണ് പങ്കുവയ്ക്കുന്നത് എന്നും വികെ സനോജ് പറഞ്ഞു.
പുസ്തകോത്സവം, സംഗീതവിരുന്ന്, കലാപ്രകടനങ്ങള്‍ എന്നിവയും ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. അരുന്ധതി റോയ,് ഗീതാഞ്ജലി ശ്രീ, പേരറിവാളന്‍ തുടങ്ങിയ എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. മെയ് 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...