താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കർണാടകയിൽ നിന്നുമാണ് മുഹമ്മദ് ഷാഫിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി 11ാം ദിവസമാണ് ഷാഫിയെ കണ്ടെത്തുന്നത്. ഏപ്രിൽ ഏഴിനായിരുന്നു ഷാഫിയെ തട്ടിക്കൊണ്ടുപോയത്. രാത്രിയോടെ ഇയാളെ താമരശേരിയിൽ എത്തിക്കുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘമാണ് ഷാഫിയെ കണ്ടെത്തിയത്. കർണാടകയിൽ എവിടെ വെച്ചാണ് ഷാഫിയെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
ഏപ്രിൽ ഏഴാം തീയതി ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകൽ സംഘം ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. പോലീസ്കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.
Also Read: Vande Bharat Express: വന്ദേ ഭാരത് കണ്ണൂരിൽ; ഓടിയെത്താൻ എടുത്തത് 7 മണിക്കൂറും 10 മിനിറ്റും
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ നാല് പേർക്കും ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി നേരിട്ടു ബന്ധമുണ്ട്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഇവര്‍ താമരശ്ശേരിയിലും ഷാഫിയുടെ വീടിന്റെ പരിസരത്തും എത്തിയിരുന്നുവെന്നും. ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറിലായിരുന്നു ഇവര്‍ എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടാഴ്ച മുമ്പുള്ള ദൃശ്യങ്ങളായിരുന്നു ഇത്. സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയത് ഹുസൈനാണ്. തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടാഴ്ച മുൻപ് സംഘം നിരീക്ഷണത്തിനായി പരപ്പന്‍പൊയില്‍ എത്തിയിരുന്നു. ഇവർ വന്ന കാർ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...