കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ (Covid-19) പ്രത്യാഘാതം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സിയാൽ. കേരളത്തിൽ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സർവീസുകളിൽ ഒന്നായിരുന്ന കൊളംബൊ വിമാനം ഞായറാഴ്ച മുതൽ കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ചു. ഒന്നരവർഷത്തിനുശേഷമാണ്, ആഴ്ചയിൽ ഏഴ് സർവീസുകൾ ശ്രീലങ്കൻ എയർലൈൻസ് കൊച്ചിയിൽ നിന്ന് തുടങ്ങുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ചെലവ് കുറഞ്ഞ യാത്ര നടത്താൻ സൗകര്യമൊരുക്കുന്ന കൊളംബൊ സർവീസ് എല്ലാദിവസവും തുടങ്ങുന്നത് പ്രവാസി മലയാളികൾക്ക് ആശ്വാസം പകരും.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം തുടർച്ചയായി മൂന്നാം മാസവും ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി. ഒക്ടോബറിൽ നിരവധി രാജ്യാന്തര സർവീസുകൾക്ക് കൊച്ചിയിൽ നിന്ന് ആരംഭിക്കുന്നുണ്ട്. ശ്രീലങ്കൻ എയർലൈൻസിന്റെ യു.എൽ 165/166 വിമാനസർവീസ് തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ 9.45 ന് കൊളംബോയിൽ നിന്ന് കൊച്ചിയിലെത്തുകയും 10.45 ന് മടങ്ങുകയും ചെയ്യും. ഞായറാഴ്ച രാവിലെ 0845 ന് വിമാനമെത്തുകയും 0945 ന് മടങ്ങും. സെപ്റ്റംബറിൽ രാജ്യാന്തര വിമാനയാത്രക്കാരുടെയും സർവീസുകളുടേയും എണ്ണത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുള്ളതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് അറിയിച്ചു.
ALSO READ: കര്‍ണാടകയുടെ യാത്രാ നിയന്ത്രണങ്ങൾ; സുപ്രീം കോടതിയെ സമീപിച്ച് Manjeswaram MLA
ഒക്ടോബറിൽ നിരവധി പ്രതിദിന സർവീസുകൾക്ക് തുടക്കമിടും. നവംബറോടെ കൊവിഡ് പൂർവകാലത്തിന്റെ 70 ശതമാനമെങ്കിലും രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് തുടങ്ങാൻ കഴിയും. ചെയർമാന്റേയും ബോർഡിന്റേയും നിർദേശാനുസരണം, കൂടുതൽ രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായും സുഹാസ് പറഞ്ഞു.
രാജ്യാന്തര എയർലൈൻ കമ്പനികളുമായി കഴിഞ്ഞ മൂന്നുമാസമായി സിയാൽ നടത്തിവരുന്ന ഏകോപിത ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ജൂലായിൽ 85,395 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലുണ്ടായിരുന്നത്. തുടർന്ന് വിമാന സർവീസുകൾ വർധിച്ചു. ഓഗസ്റ്റിൽ 1,57,289 പേരും സെപ്റ്റംബറിൽ 1,94,900 സിയാൽ രാജ്യാന്തര ടെർമിനലിലൂടെ കടന്നുപോയി. തുടർച്ചയായി മൂന്നാം മാസവും രാജ്യാന്തര ട്രാഫിക്കിൽ സിയാൽ, ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി.
ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്. സെപ്റ്റബറിൽ മൊത്തം 3.70 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി യാത്രചെയ്തത്. നിലവിൽ പ്രതിദിനം 106 സർവീസുകളാണ് സിയാലിൽ നിന്ന് പ്രവർത്തിക്കുന്നത്. ശരാശരി 14,500 പേരാണ് പ്രതിദിനം യാത്രക്കാരെന്നും സിയാൽ അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...