നിപാ വൈറസ് സംബന്ധിച്ച് തെറ്റായ പ്രചാരണം: മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസ്

നിപാ വൈറസ് ബാധ മൂലം മരണങ്ങൾ ഉണ്ടായ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും ശേഖരിച്ച വവ്വാലുകൾ ഭാഗികമായി ഭക്ഷിച്ച കായ്ഫലങ്ങൾ ഭക്ഷിക്കുന്ന വീഡിയോ മോഹനൻ വൈദ്യൻ പോസ്റ്റ് ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് വിലയിരുത്തൽ

Last Updated : May 23, 2018, 07:33 PM IST
നിപാ വൈറസ് സംബന്ധിച്ച് തെറ്റായ പ്രചാരണം: മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസ്

തൃത്താല: നിപാ വൈറസ് സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയതിന് മോഹനന്‍ വൈദ്യര്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഡോ. ജിനേഷ് പി എസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വലിയ മരണനിരക്കുള്ള രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നതിന് ബോധപൂർവ്വമായ ശ്രമം മോഹനന്‍ വൈദ്യര്‍ നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

നിപാ വൈറസ് ബാധ മൂലം മരണങ്ങൾ ഉണ്ടായ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും ശേഖരിച്ച വവ്വാലുകൾ ഭാഗികമായി ഭക്ഷിച്ച കായ്ഫലങ്ങൾ ഭക്ഷിക്കുന്ന വീഡിയോ മോഹനൻ വൈദ്യൻ പോസ്റ്റ് ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് വിലയിരുത്തൽ. 40 മുതൽ 70 ശതമാനം വരെ മരണം നിരക്കുള്ള ഒരു അസുഖം വളർത്താനുള്ള ബോധപൂർവമായ ശ്രമമായി കണക്കാക്കാമെന്നും ഇന്ത്യൻ ശിക്ഷാനിയമം 269, 270 വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട വിഷയമാണിതെന്നും ഡോ. ജിനേഷ് പി എസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. 

വവ്വാലുകളിൽ നിന്ന് നിപാ വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ ഭക്ഷിക്കരുത് എന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മോഹനൻ വൈദ്യൻ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വവ്വാൽ വഴിയാണു ഈ പനി പടരുന്നതെങ്കിൽ വവ്വാലിനല്ലേ ഇതാദ്യം വരേണ്ടത് എന്നാണ് മോഹനന്‍റെ വാദം. മോഹനൻ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി പങ്കു വയ്ക്കപ്പെട്ടിരുന്നു.  

 

Trending News