ഇടത് സംഘടനാ നേതാവിനെ പ്രിൻസിപ്പലാക്കാൻ യൂജിസി ചട്ടം ഭേദഗതി ചെയ്ത് മന്ത്രിയുടെ ഉത്തരവ്

 പട്ടാമ്പി സംസ്കൃത കോളേജിലെ മലയാളം അദ്ധ്യാപകൻ ഡോ: പി.പി. പ്രകാശന് പ്രിൻസിപ്പലായി പ്രൊമോഷൻ നൽകുന്നതിനാണ് യുജിസി ചട്ടം തിരക്കിട്ട് ഭേദഗതി ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 05:47 PM IST
  • 15 വർഷത്തെ അധ്യാപന പരിചയമില്ലാത്തതുകൊണ്ട് കോളേജ് വിദ്യാഭ്യാസ വകുപ്പും പി.എസ്.സിയും പ്രകാശന്‍റെ അപേക്ഷ പരിഗണിച്ചില്ല
  • ബോർഡ് 44 പേരെ മാത്രമാണ് യോഗ്യതയുള്ളവരായി കണ്ടെത്തിയത്
  • പബ്ലിക് സർവീസ് കമ്മീഷൻ 44 പേർക്ക് അംഗീകാരവും നൽകിയിരുന്നു
ഇടത് സംഘടനാ നേതാവിനെ പ്രിൻസിപ്പലാക്കാൻ യൂജിസി ചട്ടം ഭേദഗതി ചെയ്ത് മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം : ഇടത് കോളേജ് അധ്യാപക സംഘടന നേതാവിന് പ്രിൻസിപ്പലായി ഉദ്യോഗക്കയറ്റം നൽകാൻ 2018 ലെ യുജിസി ചട്ടം ഭേദഗതി  ചെയ്യാൻ ഉന്നത  വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തരവിട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പട്ടാമ്പി സംസ്കൃത കോളേജിലെ മലയാളം അദ്ധ്യാപകൻ ഡോ: പി.പി. പ്രകാശന് പ്രിൻസിപ്പലായി പ്രൊമോഷൻ നൽകുന്നതിനാണ് യുജിസി ചട്ടം തിരക്കിട്ട് ഭേദഗതി ചെയ്തത്.

യൂ ജിസി ചട്ടപ്രകാരമുള്ള 15 വർഷത്തെ അധ്യാപന പരിചയമില്ലാത്തതുകൊണ്ട് കോളേജ് വിദ്യാഭ്യാസ  വകുപ്പും പി.എസ്.സിയും   പ്രകാശന്‍റെ  അപേക്ഷ പരിഗണിച്ചില്ല. ഇദ്ദേഹം അഞ്ചു വർഷം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന കാലയളവ് അധ്യാപനമായി കണക്കാക്കാൻ പാടില്ലെന്ന യൂജിസി വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പ്രൊമോഷൻ നിരാകരിച്ചത്.

യുജിസി റെഗുലേഷനിൽ ഇളവ് അനുവദിക്കാനോ ഭേദഗതി വരുത്താനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നിരിക്കെയാണ് , മെയ്‌ 23 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ  ഉത്തരവിറക്കിയിരുക്കുന്നത്.

പിഎച്ച്ഡിയും 15 വർഷത്തെ ആകെ സർവീസുമുള്ള അധ്യാപകരെ  സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രിൻസിപ്പലായി നിയമിക്കുന്നതായിരുന്നു രീതി. എന്നാൽ 2018 ലെ പുതിയ യൂ ജിസി  ചട്ടപ്രകാരം, യുജിസി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 110 ഗവേഷണ സ്കോർ നേടുകയും നിർ ബന്ധമാണ്.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 15 വർഷത്തെ  അധ്യാപന പരിചയമോ ഗവേഷണ പരിചയമോ അനിവാര്യമാണ്. 

കഴിഞ്ഞ നാലു വർഷമായി ഗവൺമെൻറ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാതെ,സീനിയർ അധ്യാപകർക്ക് ചാർജ് നൽകിവരികയാണ്. പ്രിൻസിപ്പൽമാരായി നിയമിക്കപെടാൻ 85 ഓളം അപേക്ഷകരുണ്ടായിരുന്നതിൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷയായ ബോർഡ് 44 പേരെ മാത്രമാണ് യോഗ്യതയുള്ളവരായി കണ്ടെത്തിയത്. തുടർന്ന് പബ്ലിക് സർവീസ് കമ്മീഷൻ 44 പേർക്ക് അംഗീകാരവും നൽകിയിരുന്നു. പിഎസ്സിയുടെ ശുപാർശയിന്മേൽ  സർക്കാർ നിയമന ഉത്തരവ് ഇറക്കാനിരിക്കവേയാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മേലുള്ള സംഘടനാ നേതാക്കളുടെ സമ്മർദ്ദവും തുടർന്നുള്ള  ഭേദഗതി ഉത്തരവും.

യുജിസി നിർദ്ദേശ പ്രകാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കുറവ് കാരണം പ്രിൻസിപ്പൽ പ്രൊമോഷന് അർഹരല്ലെന്ന്  കണ്ടെത്തിയവരുടെ അപേക്ഷകളും പുനപരിശോധിക്കാൻ സർക്കാർ ഇപ്പോൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഫലത്തിൽ സംഘടനാ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ
യൂജിസി യോഗ്യത ഇല്ലാത്തവരും  പ്രിൻസിപ്പൽമാരാവുമെന്ന് ഉറപ്പാണ്.അതുവരെ പ്രിൻസിപ്പൽ നിയമനങ്ങൾ നീളും.

യുജിസി റെഗുലേഷൻ കർശനമായി പാലിച്ച് പ്രിൻസിപ്പൽമാരുടെ സ്ഥിരം നിയമനം നടത്തണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കവേയാണ്  ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്. പ്രിൻസിപ്പൽ,യൂണിവേഴ്സിറ്റി പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നിവരുടെ നേരിട്ടുള്ള  നിയമനങ്ങൾക്ക്  ഡെപ്യൂട്ടേഷൻ സർവീസ് കണക്കിലെടുക്കാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്ന് ഡെപ്യൂട്ടേഷൻ കാലയളവ് കണക്കിലെടുക്കാനുള്ള സർക്കാരിന്റെ പുതിയ ഉത്തരവ്, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ  വിവാദമായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ കാലയളവു കൂടി അധ്യാപന പരിചയമായി കണക്കാക്കാനാണെന്ന്  ആരോപണമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News