കണ്ണൂരിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച്,വലുതാവുമ്പോൾ ഒരു കന്യാസ്ത്രീയാകണമെന്ന് സ്വപ്നം കണ്ട ഒരു സാധാരണ പെൺകുട്ടി. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് അവിടുത്തെ ആദ്യ ബിരുദധാരിയായ ദളിത് യുവാവ്.ഇരുവരും സ്വപ്നം കണ്ടതാകട്ടെ എല്ലാവർക്കും തുല്യതയുള്ള സമത്വസുന്ദര ലോകം.
സിപിഎം നേതാക്കളായ ഡി രാജയും ആനി രാജയുമാണ് ആ പെൺകുട്ടിയും യുവാവും.ഇരുവരുടേയും പ്രണയവും വിവാഹവും എല്ലാം ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയും അതിർവരമ്പുകൾ ഭേദിച്ചുള്ളതായിരുന്നു. ഇരുവരും ആദ്യമായി കണ്ടു മുട്ടിയതും ഒരു പാർട്ടി പരിപാടിക്കിടെയാണ്.കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സിപിഐയുടെ വനിതാ മാർച്ച് നയിച്ചത് അന്ന് ആനിയായിരുന്നു. വനിതാ മാർച്ചിൽ അമ്പതോളം പെൺകുട്ടികൾ പങ്കെടുത്തിരുന്നുവെങ്കിലും രാജ ശ്രദ്ധിച്ചത് ആനിയെ മാത്രം.
ചുറ്റും ഉള്ളവരോട് കരുതലോടയും സ്നേഹത്തോടെയുമുള്ള അവളുടെ പെരുമാറ്റവും,ചുറുചുറുക്കും തന്‍റേടവും എല്ലാം രാജയുടെ ശ്രദ്ധ ആകർഷിച്ചു. നല്ല വായനാശീലമുള്ള അടിയുറച്ച നിലപാടുകളുള്ള രാജയെന്ന ചെറുപ്പക്കാരൻ ആനിയുടെ മനസിലും ഇടം പിടിച്ചു. അങ്ങനെ ഇരുവരും പ്രണയത്തിലായി.പഠനത്തിനായി ആനി പിന്നീട് മോസ്കോയിലേക്ക് പോയി.അവധിക്കാലത്ത് തിരികെ നാട്ടിൽ എത്തുന്ന ആനിയെ സ്വീകരിക്കാൻ രാജ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കും .
രാജാവെന്നും റാണിയെന്നും അവരെ അടുപ്പമുള്ളവരും സുഹൃത്തുക്കളും കളിയാക്കി വിളിച്ചു. ഇരുവരുടേയും പ്രണയം അങ്ങനെ കൂടുതൽ ദൃഢമായി . ഒടുവിൽ രാജ ആനിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു.വിവാഹത്തിന് ഇരു വീട്ടുകാരുടേയും കുടുംബങ്ങളിൽ നിന്ന് കാര്യമായ എതിർപ്പ് ഉയർന്നില്ല. ആനിയുടേത് ക്രിസ്ത്യൻ കുടുംബമായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ ആനിയുടെ അഛൻ തന്റെ ആറു മക്കളിൽ ഏറ്റവും ഇളയ മകളെ അവളുടെ ഇഷ്ടത്തിന് വിവാഹം ചെയ്യുവൻ അനുവദിച്ചു.
നിരക്ഷരയായിരുന്നുവെങ്കിലും ജീവിതത്തിൽ മൂല്യങ്ങൾ ഉയർത്തി പിടിച്ച രാജയുടെ അമ്മ മകന്റെ ഇഷ്ടത്തിനും തടസം നിന്നില്ല. അങ്ങനെ എല്ലാവരുടേയും പൂർണ്ണ സമ്മതത്തോടെ ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയും വേലിക്കെട്ടുകൾ തകർത്ത് 1990 ജനുവരി എഴിന് അവർ വിവാഹിതരായി. ഇന്ത്യ എല്ലാക്കാലത്തും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നും ജാതി തന്നെയാണെന്ന് ആനി പറയുന്നു. ദളിത് കൃസ്ത്യനിയായിരുന്ന തന്റെ പ്രിയപ്പെട്ട സുഹൃത്ത് ജാതിയുടെ പേരിൽ നേരിട്ട പ്രശ്നങ്ങൾ അവർ ഓർത്തെടുക്കുന്നു.
ദളിത് സുഹൃത്തിന്റെ ഒപ്പം നടക്കുന്നതിന്റെ പേരിൽ മറ്റുള്ളവരും ആനിയെ കളിയാക്കി. ആ സംഭവങ്ങൾ തന്നെ ദളിതരിലേക്കും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കും കൂടുതൽ അടുപ്പിച്ചു. അന്നും ഇന്നും ഇഷ്ട നിറം കറുപ്പാണെന്നും കറുപ്പ് കരുത്തുള്ള നിറമാണെന്നും ആനി രാജ പറയുന്നു. വിവാഹ ശേഷം തമിഴ്നാട്ടിലെ രാജയുടെ ഗ്രമത്തിൽ എത്തിയപ്പോഴും ആനി കണ്ടതും കേട്ടതും എല്ലാ ദളിതരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്.
ഒരു ശുചിമുറി പോലും ഇല്ലാത്തതായിരുന്നു രാജയുടെ ചെറിയ വീട്. രാജയുടെ അമ്മ മരുമകൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ബീഫ് കറിയും മറ്റുമൊരുക്കി സ്വീകരിച്ചു. തന്റെ മകന് എഴുത്തും വായനയും മാത്രമേ അറിയൂ എന്നും അവനെ നന്നായി നോക്കണമെന്നും രാജയുടെ അമ്മ ആനിയോട് പറഞ്ഞു. ഇരുവരും പിന്നീട് ജീവിതം കരുപിടിപ്പിക്കാനായി ചെന്നൈയിലേക്കും തുടർന്ന് ദില്ലിയിലേക്കും താമസം മാറി. കുടുംബ ചിലവുകൾക്ക് തുക കണ്ടെത്താൻ ആനി പല സ്ഥലങ്ങളിലും ജോലി ചെയ്തു.
ഒരിക്കലും ജാതിയും മതവും ഒന്നും ആനിയുടേയും രാജയുടേയും കുടുംബത്തിൽ ചർച്ചയായില്ല. അതിന് അവർ അവസരം ഒരുക്കിയതുമില്ല. ഏകമകൾ അപരാജിത രാജക്ക് ആനിയോ രാജയോ മതമോ ജാതിയോ ചാർത്തിക്കൊടുത്തില്ല. അപരാജിതയുടെ ജാതിയെ പറ്റിയും മതത്തെ പറ്റിയുമൊക്കെ ആളുകൾ ചോദിക്കുമ്പോൾ അവൾ ഒരു സാധാരണ മനുഷ്യ ജീവി മാത്രമാണ് എന്ന് അവർ മറുപടി നൽകി.
മിശ്രവിവഹത്തിന് എന്താണ് പ്രശ്നമെന്ന് ആനി ചോദിക്കുന്നു. മതം ആളുകളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. ഒരിക്കലും ഒരു യഥാർഥ വിശ്വാസിക്ക് മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല. ജാതിയും മതവും എല്ലാം ആളുകൾ വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ മറയായും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ഒരു മാർഗമായും ഉപയോഗിക്കുന്നുവെന്ന് ആനി അടി ഉറച്ച് വിശ്വസിക്കുന്നു. എല്ലാവരും വെറും മനുഷ്യജീവികളാണെന്ന തിരിച്ചറിവ് ഉണ്ടായാൽ മനുഷ്യർ സാമൂഹ്യ ജീവികളാണെന്ന കാര്യവും സ്വാഭാവികമായും നമ്മൾ മനസിലാക്കുമെന്ന് രാജയും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...