തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ജനപിന്തുണ വർധിച്ചുവെന്നും തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് സർക്കാർ ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് പാർട്ടി മുന്നോട്ടുവച്ചത്. ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. ലൈഫ് മിഷന്റെ ഭാഗമായി 2,95,000 വീടുകൾ സർക്കാർ നിർമ്മിച്ച് നൽകി. 114ഫ്ലാറ്റുകളുടെ പണി പൂർത്തിയായി. ഒരു വർഷത്തിനുള്ളിൽ രണ്ട് നൂറ് ദിന കർമ്മ പദ്ധതികളാണ് നടപ്പാക്കിയത്.
15,000 പട്ടയം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അതിൽ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. 33,530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 3570 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 20,750 ഓഫീസുകൾക്ക് കെ. ഫോൺ നൽകാൻ കഴിഞ്ഞു. 14,000 കുടുംബങ്ങൾക്കുള്ള സൗജന്യ ഇന്‍റർനെറ്റ് പദ്ധതി പുരോഗമിക്കുകയാണ്. 3,95,308 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പി എസ് സി വഴി 22,345 പേർക്ക് നിയമന ശുപാർശയും നൽകി. 1,83,706 പേർക്ക് കഴിഞ്ഞ സർക്കാർ നിയമനം നൽകി. കെഎഎസ് വഴി 105 പേരെ നിയമിച്ചു. മൂന്ന് ഐടി കമ്പനികളിൽ 10400 പുതിയ തൊഴിൽ അവസരങ്ങൾ വന്നു.
Also Read: വായ്പാതുക കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ മുന്നിൽ സ്ത്രീകളെന്ന് മന്ത്രി വി.എൻ. വാസവൻ
വയനാട് കോഫി പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. 1186 ജനകീയ ഹോട്ടലുകൾ തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിലും നേട്ടമുണ്ടാക്കാൻ സാധിച്ചു. 64006 കുടുംബങ്ങൾ അതി തീവ്ര ദാരിദ്യത്തിലാണെന്ന് കണ്ടെത്തി. അവരെ ദാരിദ്രരേഖക്ക് മുകളിലേക്ക് കൊണ്ടുവരാൻ നടപടി തുടങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭൂരഹിതർക്ക് 39.97 ഏക്കർ ഭൂമി സംഭാവനയായി ലഭിച്ചു. കിഫ്ബി പിന്തുണയോടെ 19 സ്റ്റേഡിയമാണ് നവീകരിച്ചത്. 38.5 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികളും തുടങ്ങി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചു. കൊവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസ് റൂമുകൾ സജ്ജീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...