കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച (Rape case) സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ (Police commissioner) സിഎച്ച് നാഗരാജു. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതി ക്രൂരപീഡനത്തിന് ഇരയായെന്ന പരാതി ലഭിച്ചിട്ടും മാർട്ടിൻ ജോസഫിനെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
ദൃശ്യങ്ങൾ കണ്ടപ്പോഴാണ് യുവതിക്ക് നേരെയുണ്ടായ ക്രൂരത വ്യക്തമായത്. കേസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുന്നത് വൈകി. ഇനി ഇത്തരം അശ്രദ്ധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നിട്ടും എഫ്ഐആർ ഇട്ട പൊലീസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരെ എന്തുകൊണ്ടാണ് വിവരങ്ങൾ അറിയിക്കാതിരുന്നത് എന്നതിനെ സംബന്ധിച്ച് വകുപ്പുതല അന്വഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ കേസിലുണ്ടായിരുന്ന ശ്രദ്ധ ആദ്യഘട്ടത്തിൽ ഉണ്ടായില്ലെന്നും അദ്ദേഹദം വ്യക്തമാക്കി.
പ്രതി മാർട്ടിൻ ജോസഫിനെതിരെ മറ്റൊരു യുവതിയും സമാനമായ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലും അന്വേഷണം നടത്തും. ഇനി ആർക്കെങ്കിലും നേരെ ഉപദ്രവം നടന്നിട്ടുണ്ടോ. ആർക്കെങ്കിലും പരാതി ഉണ്ടോ എന്നീ കാര്യങ്ങളിലും അന്വേഷണം നടത്തും. ഈ കേസിൽ അറസ്റ്റിലായിട്ടുള്ള ഒരു പ്രതിക്ക് തൃശൂരിലെ കഞ്ചാവ് കേസുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ പരാതികൾ ഇവർക്കെതിരെ ഉണ്ടോയെന്ന് വ്യക്തമായി പരിശോധിക്കുമെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി.
പഴയ ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻസ് ഉള്ള സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഒന്നാം പ്രതി മാർട്ടിൻ അല്ലാതെ സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോൺ ജോയ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ ഒളിവിൽ പോകാൻ ശ്രമിച്ചതിനാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ച് അന്വേഷണം (Investigation) നടത്തും. ഇത്രയും കാറുകളും വലിയ വാടകയുള്ള ഫ്ലാറ്റുകളും എടുക്കുന്നതിന് ഇവർക്ക് എങ്ങനെ സാധിച്ചുവെന്നതിൽ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
പ്രതിക്ക് ഇത്രയും ക്രിമിനൽ ഇടപാടുകൾ ഉണ്ടായിട്ടും ഇതുവരെ ഒരു കേസിലും ഉൾപ്പെടാതെ രക്ഷപ്പെട്ട് ആഡംബര ജീവിതം നയിക്കാൻ സാധിച്ചുവെന്നതിനെ സംബന്ധിച്ചും അന്വേഷണമുണ്ടാകും. ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ താമസിക്കുന്നവരുണ്ടോയെന്ന് കണ്ടെത്തും. ഓരോ മാസവും ഗാർഹിക പീഡനങ്ങളിൽ 10 പരാതികളെങ്കിലും ലഭിക്കുന്നുണ്ടെന്ന് എച്ച് നാഗരാജു പറഞ്ഞു.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതിയും മാർട്ടിൻ ജോസഫ് പുലിക്കോട്ടിലും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ (Lockdown) സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോൾ സുഹൃത്ത് കൂടിയായ മാർട്ടിനൊപ്പം യുവതി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയിട്ടുള്ളത്. ശരീരം മുഴുവൻ പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ ശരീരം മുഴുവൻ പൊള്ളലേൽപ്പിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്താണ് യുവതി ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA