Thiruvananthapuram : സംസ്ഥാന എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഓഫ്ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഇത് ആവശ്യപ്പെടുന്നതിനോടൊപ്പം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി ഫെബ്രുവരി 28 ന് മുമ്പായി തന്നെ ഈ ക്ളാസ്സുകളിലെ സിലബസ് പൂർത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ പറയുന്നതനുസരിച്ച് കേരളത്തിൽ നവംബർ മുതൽ തന്നെ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ഫെബ്രുവരി അവസത്തോടെ സിലബസുകൾ തീർക്കാൻ സാധിക്കും. കൂടാതെ തന്നെ വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുവാൻ മാത്രമായി ഒരു മാസം സമയം നൽകാൻ കഴിയുമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിക്കാൻ ഒരുങ്ങുന്നത്.
നിലവിൽ എസ്എസ്എൽസി പരീക്ഷ 2022 മാർച്ച് 31 മുതൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. കൂടാതെ പരീക്ഷ ഒരു മാസത്തോളം നീണ്ട് നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 29 നാണ് പരീക്ഷ അവസാനിക്കുന്നത്. അതേസമയം പ്ലസ് ടു പരീക്ഷകൾ മാർച്ച് 30 നാണ് ആരംഭിക്കുന്നത്, മാത്രമല്ല പരീക്ഷ ഏപ്രിൽ 22 ന് അവസാനിക്കും. വിദ്യാർഥികളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ടെന്നും സുപ്രീം കോടതിയെ അറിയിക്കും.
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ 10 വരെയുണ്ടാകുമെന്ന് ഫെബ്രുവരി 15ന് നടന്ന അധ്യാപക സംഘടനകളും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു. മാർച്ച് 31ന് ഉള്ളിൽ പാഠഭാഗമെല്ലാം പൂർത്തിയാക്കി ഏപ്രിൽ പത്തിനകം 9-ാം ക്ലാസ് വരെയുള്ള പരീക്ഷകൾ പൂർത്തിയാക്കണമെന്നാണ് യോഗത്തിൽ തീരുമാനിച്ചിരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.