Kerala rain alert: സംസ്ഥാനത്ത് മൂന്ന് ഡാമുകളിൽ റെഡ് അലർട്ട്; ജാ​ഗ്രതാ നിർദേശം

വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ഡാമുകളിൽ കെഎസ്ഇബി റെഡ് അലർട്ട് പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : May 22, 2022, 03:18 PM IST
  • തൃശൂർ പെരിങ്ങൽക്കൂത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്
  • കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു
  • മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം
  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കളക്ടർ അറിയിച്ചു
Kerala rain alert: സംസ്ഥാനത്ത് മൂന്ന് ഡാമുകളിൽ റെഡ് അലർട്ട്; ജാ​ഗ്രതാ നിർദേശം

കൊച്ചി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ഡാമുകളിൽ കെഎസ്ഇബി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ പെരിങ്ങൽക്കൂത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് തമിഴ്‌നാട് തീരം, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലും നാളെ (മെയ്‌ 23) കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തിൽ ഈ  ദിവസങ്ങളിൽ  കേരള - കർണാടക- ലക്ഷദ്വീപ്  തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും  മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. മത്സ്യത്തൊഴിലാളികളും  തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കളക്ടർ അറിയിച്ചു. ബോട്ട്, വള്ളം തുടങ്ങിയ  മത്സ്യബന്ധന  യാനങ്ങൾ  ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധനോപാദികൾ സുരക്ഷിതമാക്കി വെക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.

ഇടിമിന്നൽ സമയത്ത് പാലിക്കേണ്ട മുൻകരുതലുകളും ജാഗ്രത നിർദേശവും

1) മഴക്കാറ് ഉണ്ടെങ്കിൽ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലിന്റെ ലക്ഷണം ഉണ്ടെങ്കിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

2) ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

3) ജനലും വാതിലും അടച്ചിടുക.

4) ലോഹ വസ്തുക്കളെ സ്പർശിക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്ത് പോകാതിരിക്കാൻ ശ്രമിക്കുക.

5) വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

6) യാത്ര ചെയ്യുകയാണെങ്കിൽ വാഹനം ഏതെങ്കിലും തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

7) ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

8) പട്ടം പറത്തുവാൻ പാടില്ല.

9) തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

10) ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

11) കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

12) ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

13)ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

14) ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

15) സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം.

16) ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം. 

17) മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സമയമാണ്. ഉടൻ വൈദ്യ സഹായം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News