പൊന്നിൻവിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. തെരുവോരങ്ങളിൽ വർണ്ണാഭമായ വിഷുകാഴ്ചകൾ കണ്ണിനും മനസ്സിനും കുളിരേകുന്നു. മനസ്സുകൾക്കൊപ്പം പ്രകൃതിയും ഐശ്വര്യത്തിന്റെ വിഷുപുലരിയിൽ കാണികാണാനൊരുങ്ങിക്കഴിഞ്ഞു. മേടം പുലർന്നത് മുതൽ നാടും ഒരുക്കമാരംഭിച്ചു. പൊന്നിൻ വിഷുനാളിനായുള്ള അണിഞ്ഞൊരുങ്ങൽ. കസവ് നെയ്ത പൊന്നിൻ പട്ട് ഞൊറിഞ്ഞുടുത്ത് കണിക്കൊന്ന മുന്നേ ഒരുങ്ങി. കൊഴിഞ്ഞുവീഴാതെ ഓരോ കൊന്നപ്പൂങ്കുലകളും ആ സുദിനത്തെ കാത്തു നിക്കുന്നു.
മലയാള നാടിന്റെ തെരുവോരങ്ങളിൽ കുസൃതി കാട്ടാതെ നിറയുന്ന കണ്ണൻമാരും ഈ ദിവസങ്ങളിൽ കണ്ണിനെ കവരുന്ന കാഴ്ചയാവുന്നു. പല വർണ്ണങ്ങളിൽ പുഞ്ചിരി നിറഞ്ഞ ചുണ്ടുകളോടെ കോലക്കുഴലൂതുന്ന കണ്ണന്റെ വിഗ്രഹങ്ങൾ കാണുന്നവരുടെ മനം അവരറിയാതെ കവരുന്നു. വർണ്ണശോഭയിൽ നിക്കുന്ന ഈ കണ്ണന്മാരുടെ പിറവിക്കായുള്ള ജോലികൾ മാസങ്ങൾക്ക് മുമ്പേ ആരംഭിക്കുന്നതാണ്.
ഉണ്ണിക്കണ്ണന് മിഴി തുറക്കുന്ന കുഞ്ഞു ഗോപികയെയാണ് ഈ കളിമൺശാലയിൽ കാണാനായ മനോഹര ദൃശ്യങ്ങളിലൊന്ന്. കണ്ണന് കുറിവരച്ചും കണ്ണെഴുതിയും അവൾ തിരക്കിലാണ്. അരമണികെട്ടികൊടുത്ത് നെറുകയിൽ പീലി ചാർത്തി അവളവന്റെ കണ്ണനെ ഒരുക്കുകയാണ്. നാലാം ക്ലാസുകാരിയുടെ കുഞ്ഞു കൈകൾ മനോഹരമായി ഉണ്ണിക്കണ്ണന്റെ നീർമിഴികളും പാൽപുഞ്ചിരിയും ചേലപ്പൊട്ടുകളുമെല്ലാം വരയ്ക്കുന്നു.
കളിക്കോപ്പുകൾക്ക് പകരം കളിമണ്ണും ചായക്കൂട്ടും ഈ കുഞ്ഞു കൈകളിൽ ചേരുമ്പോൾ ദൃശ്യമാവുന്നത് ഈശ്വര സാക്ഷാത്കാരം തന്നെയാണ്. കൃഷ്ണന്റെ സ്വന്തം ദ്വാരകാപുരിയ്ക്ക് സമീപമുള്ള ഇന്നത്തെ ഗുജറാത്തിൽ നിന്നെത്തിയവരാണ് ഗോപികയും കുടുംബവും. മലയാളികളുടെ വിഷു ആഘോഷത്തെ പൂർണ്ണതയിലെത്തിക്കുന്നതിൽ ഇവരുടെ കരവിരുതും മഷിക്കൂട്ടും കൂടിയേ തീരൂ. ഒരുക്കങ്ങളെല്ലാം അവസാനവട്ടം.. ഇനി ഐശ്വര്യത്തിന്റെ വിഷുപ്പുലരിക്കായുള്ള കാത്തിരിപ്പ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.