ഭക്ഷണ പ്രേമികൾക്ക് ഇനി മറ്റ് സംസ്ഥാനങ്ങളിലെ രുചി തേടി ദൂരെയെങ്ങും പോകേണ്ട. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സരസ് മേളയിലെ ഫുഡ് കോർട്ടിലേക്ക് എത്തിയാൽ മതി. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വനിതാ സംരംഭകർ ഇവിടെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളാണ് ഒരുക്കുന്നത്. ഒപ്പം കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളും. ഗ്രാമീണ വനിതാ സംരംഭകർക്ക് ഉയർന്ന് വരാൻ അവസരം ഒരുക്കിയാണ്, ആജീവിക ഇന്ത്യ ഫുഡ് കോർട്ട് കേരള സരസ് മേളയിൽ എത്തിയത്.
തെരുവ് വിഭവങ്ങളിൽ പ്രധാനപ്പെട്ടവയായ ഗോൾ ഗപ്പെ, വിവിധ തരം ചാട്ട് കബാബുകൾ മുതൽ ലിറ്റി ചോഖ, മഖാന ഖീർ, ജലേബി റബടി (ബിഹാർ), മോമോസ്, വച്ച്പ (സിക്കിം), ചിക്കൻ മട്ക ബിരിയാണി, ബാംബൂ ചിക്കൻ, പ്രാദേശിക വിഭവങ്ങളായ ചിക്കൻ ചാമ്പൈ, ഖൗമോ ടോങ്‌ടെപ്, സ്‌മോക്ഡ് ചിക്കൻ തുടങ്ങിയ പരമ്പരാഗത പലഹാരങ്ങളും മേളയിലുണ്ട്. ഫിഷ് ബിരിയാണി (അരുണാചൽ പ്രദേശ്), പൊത്രെ കുലു, സുന്നുണ്ടാളു (ആന്ധ്രാപ്രദേശ്), ഹൈദരബാദി ദം ബിരിയാണി (തെലങ്കാന) എന്നിവയുടെ കൊതിയൂറും രുചിയും ആസ്വാദിക്കാം. അസമിന്റെ ഫ്യൂഷൻ വിഭവങ്ങളായ സ്റ്റീംഡ് സ്റ്റിക്കി റൈസിനൊപ്പം മഷ്‌റൂം പിത്ത, മഷ്‌റൂം കുക്കികൾ, ഒപ്പം മഷ്‌റൂം കറിയുടെയും രുചിയറിയാം. മലബാർ സ്‌പെഷ്യൽ ചട്ടിപ്പത്തിരി, മുട്ടസുർക്ക, തട്ടിൽകുട്ടി ദോശ, കുഞ്ഞിത്തലയണ എന്നിവയെല്ലാം ഇവിടെ കിട്ടും.
വനസുന്ദരിയെ രുചിച്ചറിയാന്‍ അട്ടപ്പാടിയുടെ സ്റ്റാളിലെത്തണം. കാന്താരിമുളകും പച്ചക്കുരുമുളകും പുതിനയും ഇഞ്ചിയും കാട്ടിൽ നിന്ന് ലഭിക്കുന്ന മറ്റ് ചേരുവകളും ചേര്‍ത്ത അരപ്പില്‍ കോഴി പൊരിച്ചെടുത്തതാണ് വനസുന്ദരി. പേര് പോലെത്തന്നെ രുചിയിലും ആരെയും കൊതിപ്പിക്കുന്നതാണ് ഈ വിഭവം. പായസത്തിനും ജ്യൂസിനും മാത്രമായി പ്രത്യേക സ്റ്റാളുകളും ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. കോട്ടയത്തിന്റെ കപ്പയും മീനും ഇടുക്കിയുടെ പിടിയും കോഴിയും കാസർകോടിന്റെ ചിക്കൻ ഡ്രം സ്റ്റിക്കും ജനഹൃദയം കീഴടക്കി. കൂടാതെ പഞ്ചാബിലെ പാനി പൂരി, അസമിന്റെ സ്വന്തം ചിക്കൻ മോമോസും മഷ്‌റൂം ഫ്രൈഡ് റൈസും...ശംഖുപുഷ്പം ഉണക്കിപൊടിച്ചെടുത്ത അസാം ബ്ലൂ ഐസ് ടീയും മലയാളികൾക്ക് പുതുമയുടെ രുചി നൽകി.
വേനൽ ചൂടിനെ ശമിപ്പിക്കാനുള്ള ശീതളപാനീയങ്ങളിൽ തുടങ്ങി രാത്രിയിലെ അത്താഴം വരെ കഴിച്ചു മടങ്ങാൻ സാധിക്കും. തൃശൂരിന്റെ ചിക്കൻ മസാല ദോശയും മീശക്കാരൻ കേശവന്റെ ദോശയുമെല്ലാം ഭക്ഷണപ്രേമികളുടെ പ്ലേറ്റുകളിൽ ഇടം നേടി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന സരസ് മേളയിൽ ഭക്ഷണ പ്രേമികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് മുപ്പത്തിയൊന്നിന് ആരംഭിച്ച ആജീവിക ഫുഡ് കോർട്ട് ഏപ്രിൽ പത്തിന് സമാപിക്കും.
കുടുംബശ്രീയുടെ കീഴിൽ എ.എൽ.എഫ്.ആർ.എച്ച്.എമ്മിൻറെ പിന്തുണയോടെ കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനാണ് ആജീവിക ഇന്ത്യ ഫുഡ് കോർട്ട് സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമീണവികസന മന്ത്രാലയത്തിന്റെയും നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന്റെയും ആഭിമുഖ്യത്തിൽ മുൻ വർഷങ്ങളിൽ ദേശീയതലത്തിൽ ആജീവിക ഇന്ത്യ ഫുഡ് കോർട്ടുകൾ സംഘടിപ്പിച്ചിരുന്നു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം ഭക്ഷ്യസേവന വനിതാസംരംഭകർ തങ്ങളുടെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുമായി ഈ പരിപാടിയിൽ ഒത്തുചേരുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വരുന്ന വനിതാ സംരംഭകരാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നത്. ഇത് 'ഇന്ത്യ ഓൺ യുവർ പ്ലേറ്റ്' എന്ന ആജീവിക ഇന്ത്യ ഫുഡ് കോർട്ടിന്റെ മുദ്രാവാക്യത്തിന് കൂടുതൽ അർത്ഥം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA