ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ (Waterlevel increases) തുടർന്ന് ഇടുക്കി അണക്കെട്ട് (Idukki dam) വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ (Cheruthoni Dam) മൂന്നാം നമ്പര്‍ ഷട്ടർ ആണ് തുറന്നത്. ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് സെക്കന്റിൽ പുറത്തേക്കൊഴുക്കുന്നത്.
ഷട്ടർ തുറന്നതിനെ തുടർന്ന് ചെറുതോണി, പെരിയാർ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പെരിയാറില്‍ പുഴ മുറിച്ച് കടക്കുന്നതും മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിൽ ജലനിരപ്പ് എത്താൻ സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടര്‍ തുറന്നത്.
മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് ചെറുതോണി തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റൂൾ കർവിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ്‌നാട് റൂൾ കർവ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നു വിട്ടുന്നത്.
അതിനിടെ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നുവിട്ടത് പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടാകാൻ ഇടയാക്കി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി.
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കടുക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
മലയോര മേഖലയില്‍ യെല്ലോ അലര്‍ട്ടാണെങ്കിലും (Yellow Alert) ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം (IMD) അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ (Landslide) സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...