തിരുവനന്തപുരം: അബിഗേൽ സാറ എന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. പോലീസും നാട്ടുകാരും മറ്റ് സർക്കാർ സംവിധാനങ്ങളുമെല്ലാം ചേർന്ന് നടത്തിയ നീണ്ട പരിശ്രമങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയത്. ഇപ്പോൾ ഇതാ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങളുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് എംവിഡി.
ഫേസ്ബുക്കിന്റെ പൂർണരൂപം
ALSO READ: ജിമ്മിൽ കയറി ട്രെയിനറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ
വഴിയിൽ അപ്രത്യക്ഷമാവുന്ന കുഞ്ഞുങ്ങൾ
ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്.
നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുന്നു.
1.ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളിൽ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തിൽ തന്നെ പഠിപ്പിക്കാം.
2. ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ അമ്മയുടെയോ ഫോൺ നമ്പർ മനപ്പാഠമാക്കി കൊടുക്കുക.
3. ഏതു വശം ചേർന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന വാഹനം വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ നടക്കാൻ പഠിപ്പിക്കുക. റോഡിന്റെ അരികു ചേർന്ന് നടക്കാനും ഉപദേശിക്കാം.
4. ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന് നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക.
5. വാഹനത്തിൽ കളിപ്പാട്ടം അല്ലെങ്കിൽ മിഠായി ഉണ്ടെന്നും അതു നൽകാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവർ അപരിചിതരാണെങ്കിൽ പ്രത്യേകിച്ചും ആ വാഹനത്തിൽ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക.
6. അഥവാ അപകടം തോന്നിയാൽ സുരക്ഷിതമായ ഇടങ്ങൾ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. അച്ഛൻ, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആളുകൾ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നിൽക്കാനും നിർദ്ദേശിക്കുക.
7. കുട്ടികൾ എപ്പോഴും എല്ലാ കാര്യങ്ങളും അച്ഛനമ്മമാരോട് പറയണമെന്നില്ല. പേടി തോന്നിയ അവസരങ്ങളുണ്ടോ? എന്ന് ചോദിച്ചു മനസിലാക്കുന്നതാണ് നല്ലത്.
8. റോഡിൽ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാൽ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമയം കണ്ടെത്തുക.
9. ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയാൽ ഉറക്കെ കരയാൻ പഠിപ്പിക്കുക. ആവശ്യമെങ്കിൽ ഇത് ചെയ്യാൻ പ്രാക്ടീസ് നൽകുക.
10. പൊതുവെ സ്വന്തം അഡ്രസ്സും ഫോൺ നമ്പറും പറയാനറിയാത്ത ദുർബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ നോട്ടമിടാറുള്ളത്. അതിനാൽ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാൻ പഠിപ്പിക്കുക.
11.അപകടസാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ വിസിൽമുഴക്കാൻ കുട്ടിയെ ഉപദേശിക്കുകയും, സ്ക്കൂൾ ബാഗിന്റെ വലതുവശത്ത് ഒരു നാടയിൽ വിസിൽ കോർത്തിടാവുന്നതും ആണ്.
12.പരിചയമില്ലാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ പറയുക.
ഇനി ഒരു കുരുന്നു പോലും റോഡുകളിൽ അപ്രത്യക്ഷമാവാതിരിക്കട്ടെ!!!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.