സിൽവർ ലൈൻ സംവാദവുമായി സർക്കാർ മുന്നോട്ട്; 28ന് തിരുവനന്തപുരത്ത് സെമിനാർ

എതിർക്കുന്നവരിൽ ആർ വി ജി മേനോനെ മാത്രം നിലനിർത്തി അനുകൂലിക്കുന്ന മൂന്നു പേരെ വെച്ചുള്ള സംവാദം

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 11:06 AM IST
  • വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനുമാണ് സംവാദം എന്ന പേരിലാണ് കെ റെയിൽ പരിപാടി
  • വിമർശകരിൽ നിന്നും ജോസഫ് സി മാത്യുവിനെ പാനലിൽ നിന്നും ഒഴിവാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം
സിൽവർ ലൈൻ സംവാദവുമായി സർക്കാർ മുന്നോട്ട്; 28ന് തിരുവനന്തപുരത്ത് സെമിനാർ

തിരുവനന്തപുരം: കെ - റെയിൽ സംവാദത്തെ എതിർക്കുന്ന പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണനും ഇന്ത്യൻ റെയിൽവേ മുൻ ചീഫ് എഞ്ചിനീയർ അലോക് വർമ്മയും പിൻമാറിയ സാഹചര്യത്തിൽ പരിപാടി കൂടുതൽ അനിശ്ചിതത്വത്തിലായി. ഏപ്രിൽ 28ന് രാവിലെ 11ന് തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് സംവാദം. അതേസമയം, സംവാദത്തെ എതിർക്കുന്നവരുടെ പക്ഷത്ത് തുടരുന്ന ആർ.വി.ജി മേനോനെ മാത്രം പങ്കെടുപ്പിച്ച് പരിപാടി നടത്താനും കെ-റെയിലും സർക്കാരും ആലോചിക്കുന്നുണ്ട്. അതല്ലാത്ത, സാഹചര്യത്തിൽ മോഡറേറ്ററെ മാത്രം നിർത്തിക്കൊണ്ട് കാണികളെ പങ്കെടുപ്പിച്ച് നടത്താനുള്ള ആലോചനയും കെ- റെയിൽ, സർക്കാർ വൃത്തങ്ങൾ നടത്തുന്നുണ്ട്.

KRAIL

കേരളത്തിൻ്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ നടപ്പിലാക്കാൻ സർക്കാർ മുന്നോട്ടു പോകുമ്പോൾ കെ - റെയിലും സർക്കാരും കടുത്ത പ്രതിസന്ധിയിലാണ്. സംവാദത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എങ്ങനെ നടക്കും, ആരൊക്കെ പങ്കെടുക്കും എന്നതിൽ കടുത്ത അനിശ്ചിതത്വം തുടരുന്നത്. എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങൾ അവതരിപ്പിക്കാനായിരുന്നു സംവാദം. ഒരു പകൽ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കിടെയാണ് പദ്ധതിയെ എതിർക്കുന്നവരുടെ പക്ഷത്തു നിന്ന് ശ്രീധർ രാധാകൃഷ്ണനും അലോക് വർമ്മയും പിന്മാറിയത്. രാത്രി വൈകിയും ചീഫ് സെക്രട്ടറിയും കെ-റെയിൽ അധികൃതരും തമ്മിൽ ചർച്ച നടത്തിയിരുന്നു. എതിർക്കുന്നവരുടെ പക്ഷത്ത് ആർ.വി.ജി.മേനോൻ മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും ചർച്ച നടത്തണമെന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. 

വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനുമാണ് സംവാദം എന്ന പേരിലാണ് കെ  റെയിൽ  പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ തുടക്കം മുതലേ സംവാദം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെയ്ക്കുകയായിരുന്നു. വിമർശകരിൽ നിന്നും ജോസഫ് സി മാത്യുവിനെ പാനലിൽ നിന്നും ഒഴിവാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പാണ് സംവാദം എന്നും പ്രഹസനം മാത്രമാണ് സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ചർച്ച സംഘടിപ്പിക്കേണ്ടത് കെ റെയിൽ അല്ല സർക്കാർ ആണെന്ന നിലപാടാണ് പാനൽ അംഗമായിരുന്ന അലോക് വർമ്മ ചൂണ്ടിക്കാട്ടിയത്. പദ്ധതിക്കെതിരെയുള്ള ഏതിർപ്പുകൾ വകവെയ്ക്കാതെ മുന്നോട്ട് പോകുന്ന കെ റെയിൽ സംവാദത്തിന്റെ പേരിലുള്ള വിമർശനങ്ങളെയും മറികടന്ന് മുന്നോട്ട് പോകുകയാണ്. 

പദ്ധതിയെ അനുകൂലിക്കുന്നവരെ പ്രതിനിധികരിച്ച് സംവാദത്തിൽ പങ്കെടുക്കുന്ന സുബോധ് ജയിൻ, കുഞ്ചെറിയ പി ഐസക്, എസ്.എൻ.രഘുചന്ദ്രൻ നായർ, സംവാദം എകോപിപ്പിക്കുന്ന മോഡറേറ്റർ എന്നിവർ പങ്കെടുക്കുമ്പോഴും ആർ വി ജി ക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് സംവാദത്തിൽ സംസാരിക്കാൻ അവസരം ഒരുക്കാമെന്ന നിലപാടാണ് ചീഫ് സെക്രട്ടറിയും കെ-റെയിൽ അധികൃതരും സ്വീകരിച്ചിരുന്നത്. ആരോഗ്യകരമായ സംവാദത്തിന് പങ്കെടുക്കാം എന്നറിയിച്ച ആർ.വി.ജി.മേനോനോട് പരിപാടിയുടെ സ്വഭാവം മാറ്റിയത് ഇനിയും സർക്കാർ അറിയിച്ചിട്ടില്ല. താൻ മാത്രമാണ് എതിർക്കുന്നവരുടെ പക്ഷത്തുനിന്ന് സംസാരിക്കുന്നതെങ്കിൽ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഉൾപ്പെടെ ആഴത്തിൽ സംസാരിക്കേണ്ടതുണ്ട്. അതിന് തനിക്ക് കഴിയുമോ എന്ന ആശങ്കയും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. സംവാദത്തിൻ്റെ സ്വഭാവം മാറിയ കാര്യം സർക്കാർ അറിയിച്ചാൽ ആർ.വി.ജി കൂടി പങ്കെടുക്കും. അതല്ലാതെ, ഒരു പക്ഷേ ആർ.വി.ജി.കൂടി പങ്കെടുക്കാതിരുന്നാൽ അനുകൂലിക്കുന്നവരെയും മോഡറേറ്ററെ മാത്രം ഏകോപിപ്പിച്ച് കൂടുതൽ കാണികളെ ഉൾപ്പെടുത്തി ചോദ്യോത്തരവേള പോലെ സംഘടിപ്പിക്കാനും കെ-റെയിൽ ഉദ്ദേശിക്കുന്നുണ്ട്. 

അടിമുടി ആശയക്കുഴപ്പമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ചിലരെ സംവാദത്തിലേക്ക് ക്ഷണിക്കുകയും കാരണം പറയാതെ ഒഴിവാക്കുകയും ചെയ്യുന്നു. അലോക് വർമ്മ ഉൾപ്പെടെയുള്ള പ്രമുഖർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അതിനൊന്നും സർക്കാർ മറുപടി കൊടുക്കാതെ മുന്നോട്ടു പോകുന്ന സ്ഥിതിയുമുണ്ട്. തത്വത്തിൽ, പരിപാടി കെ -റെയിലാണ് സംഘടിപ്പിക്കുന്നത് എന്നാണ് അവർ വ്യക്തമാക്കുന്നത്. വെറുതെ അനാവശ്യ വിവാദങ്ങളാണ് സൃഷ്ടിക്കുന്നതെന്നും എതിർക്കുന്നവരെയും അനുകൂലിക്കുന്നവരും ചേർത്ത് ഒരു പ്ലാറ്റ്ഫോമിൽ സംവാദത്തിന് വേദിയൊരുക്കുമ്പോൾ അതിന് എതിർപ്പുകൾ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും കെ -റെയിൽ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ അടിമുടി പ്രശ്നങ്ങൾ തന്നെയാണ് സംവാദവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News