കൊച്ചി: ആറു കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്ന കനാല്‍ പുനരുദ്ധാരണ പദ്ധതിയുടെ സാമൂഹ്യാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം കനാലുകളുടെ വശങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കാനും സ്ഥലം ഏറ്റെടുക്കാനും അതിന്റെ ഭാഗമായി അതിരുകല്ലുകള്‍ സ്ഥാപിച്ച് സാമൂഹ്യാഘാത പഠനം നടത്താനും സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ളതാണ്. ഇത് പ്രകാരം ഇടപ്പള്ളി കനാലില്‍ അതിരുകല്ലുകള്‍ സ്ഥാപിച്ച് സാമൂഹ്യാഘാത പഠനം പൂര്‍ത്തിയായി വരുന്നു. ബാക്കിയുള്ള കനാലുകളിലെ സാമൂഹ്യാഘാത പഠനത്തിന് അതിരുകല്ലുകള്‍ സ്ഥാപിക്കുകയാണ്. ഇതിന്റെ ഭാഗമായി ചെലവന്നൂര്‍ കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍ എന്നിവിടങ്ങളില്‍ അതിരുകല്ലുകള്‍ സ്ഥാപിച്ചുവരികയാണ്. ഇതുസംബന്ധിച്ച ഗസറ്റ് നോട്ടിഫിക്കേഷന്‍ സര്‍വേ നമ്പര്‍ സഹിതം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇടപ്പള്ളി കനാലിലെ സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് കഴിഞ്ഞയിടെ നിയുക്ത ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.
കൊച്ചിയിലെ ആറ് കനാലുകളാണ് പദ്ധതി പ്രകാരം വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുന്നത്. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര--പേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ മാലിന്യ നിര്‍മാര്‍ജന പ്ലാന്റും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. കൊച്ചി നഗരമേഖലയുടെ 40 ശതമാനവും കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ പ്രതിദിനം 31 ദശലക്ഷം ലിറ്റര്‍ ശേഷി ഉള്ള പ്ലാന്റാണ് ഉദ്ദേശിക്കുന്നത്. പദ്ധതി സംബന്ധിച്ച വിശദ റിപോര്‍ട്ടുകളെല്ലാം കിഫ്ബിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, മലീനികരണ നിയന്ത്രണ ബോര്‍ഡ്, നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് ഉള്‍പ്പെടെ എല്ലാ ഏജന്‍സികളുടെയും അനുമതികള്‍ പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം കൂടി ഏറ്റെടുത്ത് ലഭിക്കുന്നതോടെ കൊച്ചിയുടെ മുഖഛായതന്നെ മാറ്റുന്ന കനാല്‍ഗതാഗത സംവിധാനത്തിന് തുടക്കമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...