കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കസ്റ്റംസിന്റെയും അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് സ്ഥാപിക്കാന്‍ തെളിവുകളൊന്നും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്നും കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്റെ ഉത്തരവില്‍ പറയുന്നു.
ALSO READ: 'മീശ വിനീത്' വീണ്ടും പിടിയില്‍; മോഷ്ടിച്ച സ്‌കൂട്ടറില്‍ പമ്പിലെത്തി രണ്ടര ലക്ഷം കവര്‍ന്നു
ഈ വിഷയം നേരത്തെ തന്നെ രണ്ട് ഡിവിഷന്‍ ബെഞ്ചുകള്‍ പരിഗണിച്ചതാണെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഹര്‍ജി നല്‍കാനുള്ള അവകാശം ഹര്‍ജിക്കാരനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയുമടക്കം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്.ആര്‍.ഡി.എസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവെച്ചാണ് ഹര്‍ജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചതെന്ന വാദമാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...