വിദ്യാര്‍ഥികളുടെ ആരോഗ്യവും കായിക ക്ഷമതയും പരിശോധിക്കും; ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്ന്‍ വ്യാഴാഴ്ച മുതൽ

കായിക യുവജനക കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് വകുപ്പിനും പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ക്യാംപെയ്ന്‍ നടപ്പാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 05:36 PM IST
  • ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ പരിശീലനവും വ്യായാമവും ഭക്ഷണവും
  • ഓരോ ബസിലും പ്രതിദിനം 200 കുട്ടികളെ വീതം പരിശോധിക്കും
  • പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധന
വിദ്യാര്‍ഥികളുടെ ആരോഗ്യവും കായിക ക്ഷമതയും പരിശോധിക്കും; ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്ന്‍ വ്യാഴാഴ്ച മുതൽ

സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്ന് വ്യാഴാഴ്ച ആരംഭിക്കും. വിദ്യാര്‍ഥികളുടെ ആരോഗ്യവും കായിക ക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ആറു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള പതിനായിരം കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. 

കായിക യുവജനക കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് വകുപ്പിനും പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ക്യാംപെയ്ന്‍ നടപ്പാക്കുന്നത്. വിദ്യാര്‍ഥികളുടെ ശാരീരിക ക്ഷമത പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള അഞ്ചു ഫിറ്റ്‌നസ് ബസുകള്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തും. ക്യാംപെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനവും ഫിറ്റ്‌നസ് ബസുകളുടെ ഫ്‌ളാഗ് ഓഫും നാളെ പകല്‍ 12ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

വിദ്യാര്‍ഥികളുടെ കരുത്തും, ഫ്‌ളക്‌സിബിലിറ്റിയും വേഗതയുമെല്ലാം നിര്‍ണയിക്കുന്ന 13ഓളം പരിശോധനകളാണ് ഫിറ്റനസ് ബസുകളില്‍ നടക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്‌സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങിയ പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധനകളിലൂടെ സാധിക്കും. 

ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കും. ഓരോ ബസിലും പ്രതിദിനം 200 കുട്ടികളെ വീതം പരിശോധിക്കും. പരിശോധനയിലൂടെ ഫിറ്റ്നസ് ലെവല്‍ തിരിച്ചറിയാനും അതുവഴി കായിക മികവുള്ള കുട്ടികളെ കണ്ടെത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പരിശീലന പ്രോട്ടോക്കോള്‍ രൂപകല്‍പന ചെയ്യാനും സാധിക്കും. നാളെയാരംഭിക്കുന്ന ഫിറ്റനസ് ബസുകളുടെ പര്യടനം മാര്‍ച്ച് ഒന്‍പതുവരെ നീണ്ടു നില്‍ക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News