ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി മൂവാറ്റുപുഴ സബ് ജയില്‍. ഔദ്യോഗിക പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസിന്‍റെ അധ്യക്ഷതയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. നഗരസഭയുടെ നേതൃത്വത്തിലാണ് സബ് ജയിലിൽ ഹരിത വൽക്കരണം നടത്തുന്നത്.
ജയില്‍ വളപ്പില്‍ നടുന്നതിനുളള പച്ചക്കറി തൈകള്‍ ജയില്‍ സൂപ്രണ്ട് എസ്. വിഷ്ണു എം.പിയില്‍ നിന്ന് ഏറ്റുവാങ്ങി. ചീര, മുളക്, കാന്താരി, മുന്തിരി, മുരിങ്ങ, കറിവേപ്പ് തുടങ്ങിയ തൈകളാണ് കൈമാറിയത്. 70 സെന്റ് സ്ഥലത്താണ് മൂവാറ്റുപുഴ സ്പെഷ്യല്‍ സബ് ജയില്‍ പ്രവര്‍ത്തിച്ച് വരുന്നത്.
Read Also: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി
നൂറോളം തടവ് പുളളികള്‍ ഇവിടെയുണ്ട്. പ്രതിദിനം 40 കിലോഗ്രാമോളം ജൈവ മാലിന്യങ്ങളാണ് പുറം തളളുന്നത്. ഇതിന് പുറമെ അജൈവ മാലിന്യങ്ങളും ഉണ്ട്. ഇവ സംസ്കരിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഈ സാഹചര്യത്തിലാണ് നഗര ഹരിതവൽക്കരണ പദ്ധതിയുടെ ഭാഗമായി ജയിലിൽ പദ്ധതി ആവിഷ്കരിച്ചത്.
സംരക്ഷിത മേഖല എന്ന നിലയിൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്കോ മറ്റുള്ളവർക്കോ ജയിൽ വളപ്പിൽ ദൈനംദിനം പ്രവേശിക്കുന്നതിനും പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതിനും തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിൽ മാത്രമായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്.
ജൈവ മാലിന്യങ്ങള്‍ ജയില്‍ വളപ്പിൽ തന്നെ സംസ്കരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. 60,000 രൂപ ചിലവഴിച്ച് ഇതിനായി ബയോ കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഇതോടൊപ്പം പരിസര പ്രദേശം ഹരിതാഭം ആക്കുന്നതിന് വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കും. അജൈവ പാഴ് വസ്തുക്കൾ എല്ലാ മാസവും ഹരിത കർമ്മ സേനയാകും നീക്കം ചെയ്യുക. ഇതിന് പുറമേ പച്ചക്കറി കൃഷി ജയിൽ അധികൃതരുടെ നേതൃത്വത്തിൽ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...