പട്ടയഭൂമിയില്‍ നട്ട് വളര്‍ത്തിയ മരങ്ങള്‍; മുറിച്ചാൽ കേസെടുക്കുമെന്ന് വനം വകുപ്പ്, ഭീക്ഷണി

അഞ്ചു പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയിലെ മരങ്ങളാണ് കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ പിടിവാശി മൂലം മുറിക്കാനാവാത്ത സ്ഥിതിയുള്ളത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 11:10 AM IST
  • സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയിലെ മരങ്ങളാണ് കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ പിടിവാശി മൂലം മുറിക്കാനാവാത്തത്
  • റീ സര്‍വെ നടപടികള്‍ വരെ പൂര്‍ത്തിയാക്കിയ ഭൂമിയിലാണ് കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ അസാധാരണ ഇടപെടല്‍
  • ഭൂമിയിലുള്ള ഒട്ടേറെ മരങ്ങള്‍ കര്‍ഷകര്‍ തന്നെ നട്ടു പിടിപ്പിച്ചവയാണ്
പട്ടയഭൂമിയില്‍ നട്ട് വളര്‍ത്തിയ മരങ്ങള്‍; മുറിച്ചാൽ കേസെടുക്കുമെന്ന് വനം വകുപ്പ്, ഭീക്ഷണി

ഇടുക്കി: പട്ടയഭൂമിയില്‍ നട്ട് വളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കഴിയാതെ ഇടുക്കിയിലെ ഒരു കൂട്ടം കര്‍ഷകര്‍. മരം മുറിച്ചാല്‍ കേസെടുക്കുമെന്ന കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ നിലപാടാണ് തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം, നെയ്യശേരി വില്ലേജുകളിലെ 280 ലധികം കര്‍ഷകര്‍ക്ക് വിനയായത്. സാമ്പത്തികമായ കഷ്ടതകൾ പരിഹരിക്കുന്നതിനായാണ് കര്‍ഷകര്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ മുറിച്ചു വിറ്റ് പണം കണ്ടെത്താന്‍ തീരുമാനിച്ചത്. എന്നാല്‍ മുറിച്ച മരങ്ങള്‍ വാങ്ങാനെത്തുന്നവരെ വിലക്കുന്നതിനു പുറമെ ഇതു കയറ്റാനെത്തുന്ന വാഹനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്നാണ് കാളിയാറിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി.

അഞ്ചു പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയിലെ മരങ്ങളാണ് കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ പിടിവാശി മൂലം മുറിക്കാനാവാത്ത സ്ഥിതിയുള്ളത്. 1960 ല്‍ സര്‍ക്കാര്‍ റബര്‍ പ്ലാന്റേഷന്‍ സ്‌കീം അനുസരിച്ച് സംസ്ഥാനത്തെ തൊഴില്‍ രഹിതരും അഭ്യസ്ത വിദ്യരുമായ 2000 പേര്‍ക്ക് മൂന്നര ഏക്കര്‍ വീതം ഭൂമി റബര്‍ കൃഷിക്കായി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കാളിയാര്‍ മേഖലയില്‍ 280 പേര്‍ക്ക് മൂന്നര ഏക്കര്‍ ഭൂമിയും 3500 രൂപ വീതവും നല്‍കിയത്. 52 വര്‍ഷം മുമ്പ് ഭൂമിയ്ക്ക് പട്ടയവും ലഭിച്ചു. എന്നാല്‍ ഈ മേഖലയില്‍ റബര്‍ ഒഴികെ ആഞ്ഞിലി, തേക്ക്, പ്ലാവ്, മാവ്, പാഴ്മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുറിക്കാന്‍ വനംവകുപ്പ് തടസം നില്‍ക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.

റീ സര്‍വെ നടപടികള്‍ വരെ പൂര്‍ത്തിയാക്കിയ ഭൂമിയിലാണ് കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ അസാധാരണ ഇടപെടല്‍. ഭൂമിയിലുള്ള ഒട്ടേറെ മരങ്ങള്‍ കര്‍ഷകര്‍ തന്നെ നട്ടു പിടിപ്പിച്ചവയാണ്. പ്രായമായ റബര്‍ മരങ്ങള്‍ മുറിച്ചു നീക്കി റീ പ്ലാന്റ് ചെയ്യണമെങ്കില്‍ മറ്റു മരങ്ങള്‍ മുറിച്ചു മാറ്റി ഭൂമി കൃഷിയ്ക്കായി ഒരുക്കിയെടുക്കണം. എന്നാല്‍ വനം വകുപ്പിന്റെ ഇടപെടല്‍ മൂലം കര്‍ഷകര്‍ക്ക് റബര്‍ റീ പ്ലാന്റ്  നടത്താനും കഴിയുന്നില്ല. കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ നടപടിക്കെതിരെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയായിട്ടില്ല.
 
ലൈഫ് ഭവന പദ്ധതി പ്രകാരം വീട് പണിയാരംഭിച്ച വിധവയുടെ പട്ടയഭൂമിയിലെ മുറിച്ചിട്ട മരം നീക്കാനും വനം വകുപ്പ് തടസം നില്‍ക്കുകയാണ്. വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി അനുമതി വാങ്ങിയാണ് മരം മുറിച്ചത്. എന്നാല്‍ ഭൂമിയുടേത് എല്‍.എ പട്ടയമാണെന്നും തടിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നും അതിനാല്‍ മുറിച്ച തടി വില്‍ക്കാനോ ഉപയോഗിക്കാനോ പറ്റില്ലെന്നും കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതര്‍ ഷൈലയെ അറിയിക്കുകയായിരുന്നു.

കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ കര്‍ഷകര്‍. ഇതിന് മുന്നോടിയായി കാളിയാര്‍ റബ്ബര്‍ പ്ലാന്റേഷന്‍ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗവും ചേര്‍ന്നു. മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയ നിവേദനത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കര്‍ഷക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News