തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്നണികൾ. തൃക്കാക്കരയിലെ ജനങ്ങൾ ഇടത് മുന്നണിക്കൊപ്പമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് മുന്നണിയുടെ സീറ്റുകളുടെ എണ്ണം 99 ൽ നിന്ന് 100 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.പൊതു സ്വതന്ത്രനാണോ സ്ഥാനാർഥിയാവുക എന്ന് ഇപ്പോൾ പറയാനികില്ലെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
ഇടത് മുന്നണിയുടെ സീറ്റുകൾ 100 ആകുമെന്ന ഇ.പി ജയരാജന്റെ അവകാശവാദത്തെ കോൺഗ്രസ് തളളി.അത് അവരുടെ അവകാശവാദം മാത്രമാണെന്നും തൃക്കാക്കര കോൺഗ്രസിന്റെ സ്വന്തം മണ്ഡലമാണെന്നും കെ.പി.സിസി പ്രസിഡന്ഡറ് കെ.സുധാകരൻ പറഞ്ഞു. ആരെ ജയിപ്പിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. തൃക്കാക്കരയിലെ വോട്ടർമാരെ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമാണ് കോൺഗ്രസിനുള്ളതെന്നും കെ.സുധാകരൻ വ്യക്തമാക്കി. തൃക്കാക്കരയിൽ ജയിക്കാമെന്നത് സിപിഎമ്മിന്റെ സ്വപ്നം മാത്രമാണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്നുട്ടുള്ള മണ്ഡലമാണ് തൃക്കാക്കര.ഇത്തവണയും തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിനും എൽഡിഎഫിനും ഒപ്പം എൻഡിഎയിലും സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.പിടി.തോമസിന്റ ഭാര്യ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് കോൺഗ്രസിൽ പുരോഗമിക്കുന്നത്. എന്നാൽ ഉമാ തോമസിനെ സ്ഥാനാർഥിയാക്കാനുളള നീക്കത്തിനെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ രംഗത്ത് എത്തി. സഹതാപം തൃക്കാക്കരയിൽ വിലപ്പോവില്ലെന്നും സാമൂഹിക സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ച് സ്ഥാനാർഥിയെ നിശ്ചയിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും ഡൊമനിക് പ്രസന്റേഷൻ പ്രതികരിച്ചു.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത്തവണയും തൃക്കാക്കരയിൽ പൊതു സ്വതന്ത്രനെയാണ് സിപിഎം പരിഗണിക്കുന്നത്.എന്നാൽ സിപിഎം സ്ഥാനാർഥിയെ തന്നെ മൽസരിപ്പിക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്.എ.എൻ രാധാകൃഷ്ണൻ,സിന്ധുമോൾ എന്നിവരെയാണ് ബിജെപി പരിഗണിക്കുന്നത്.ഉമാ തോമസ് യുഡിഎഫ് സ്ഥാനാർതഥിയായാൽ വനിത എന്ന നിലയിൽ സിന്ധുമോൾക്ക് നറുക്ക് വീഴാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...