ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ; രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

സ്ത്രീ പങ്കാളിത്തമുള്ള സംസ്ഥാനത്തെ  ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായുള്ള മറ്റ് പദ്ധതികൾക്കും ആനുകൂല്യങ്ങളും പുറമെയാണിത്,’ മുഖ്യമന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : May 24, 2023, 10:28 PM IST
  • കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ; രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ബിൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന പ്രത്യേക ബിൽ അന്തിമഘട്ടത്തിലാണ്. രാജ്യത്ത് ആദ്യമായിരിക്കും ഇത്തരമൊരു ബിൽ ഒരു സംസ്ഥാനത്ത് നിലവിൽ വരുന്നത്. കൂടുതലും സ്ത്രീ പങ്കാളിത്തമുള്ള സംസ്ഥാനത്തെ  ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായുള്ള മറ്റ് പദ്ധതികൾക്കും ആനുകൂല്യങ്ങളും പുറമെയാണിത്,’ മുഖ്യമന്ത്രി പറഞ്ഞു.

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിമതവർഗലിംഗഭേദങ്ങൾക്കും സാമൂഹിക പശ്ചാത്തലങ്ങൾക്കും അതീതമായി എല്ലാ വിഭാഗം തൊഴിലാളികളോടും കരുതലിലൂന്നിയ വികസനസമീപനമാണ് കേരളത്തിന്റേത്. 2025 ഓടെ അതിദാരിദ്ര്യം കേരളത്തിലില്ലാതാക്കുമെന്നും അടുത്ത 20-25 വർഷങ്ങൾക്കുള്ളിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് വികസിത- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടേതിന് സമാനമായ വളർച്ച കേരളം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകൾ നടത്തിവരുന്ന നൈപുണ്യവികസന പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കും. പലപ്പോഴും ഒരേ രൂപത്തിലുള്ള പദ്ധതികൾ പല വകുപ്പുകൾ ഏറ്റെടുത്തു നടത്തുന്നത് ഇരട്ടിപ്പിന് കാരണമാകുന്നു. അതിനാൽ  നൈപുണ്യവികസനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും ഏകോപനവും, അവലോകനവുമടക്കം  എല്ലാ പ്രവർത്തനങ്ങളും സംസ്ഥാനതലത്തിലുള്ള ഒരു മിഷന്റെ കീഴിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കേരളത്തെ നവ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും സാങ്കേതിക സൗഹൃദ സമൂഹവും ആക്കുക എന്നത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് വിദ്യാർഥികൾക്ക്  അവസരമൊരുക്കുന്ന തൊഴിവൽവകുപ്പിന്റെ  കർമ്മചാരി പദ്ധതി ഇത്തരത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ഏറ്റവും പുതിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകവ്യാപകമായി  എല്ലാ തൊഴിൽമേഖലകളും  നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും  തൊഴിലാളി ക്ഷേമത്തിനു പ്രധാന്യം നൽകുന്ന നിയമനിർമാണങ്ങളിലുടെയും നയങ്ങളിലൂടെയും തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് പ്രഥമസ്ഥാനം നൽകുന്ന കേരളം ഇത്തരം പ്രശ്‌നങ്ങളെ നേരത്തേ തന്നെ മനസിലാക്കുന്നതിനും അതിനുള്ള പരിഹാരസാധ്യത തേടുന്നതിനും  പ്രതിജ്ഞാബദ്ധമാണെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പുതിയ കാലം തൊഴിൽ രംഗത്തുണ്ടാക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അതിജീവിക്കാനും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവസരം നൽകുന്ന തരത്തിൽ  ഫലപ്രദമായ ഇടപെടലും ആശയങ്ങളും നിർദ്ദേശങ്ങളുമാണ് കോൺക്ലേവിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അവ സർക്കാർ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News