സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതിരുന്നതിനെ തുടർന്ന് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണെന്ന് കെജിഎംഒഎ. സെപ്തംബർ 13 ന് ഡോക്ടർമാർ ഡിഎച്ച്എസ് ഓഫീസിനു മുൻപിലും ജില്ല ആസ്ഥാനങ്ങളിലും ധർണ്ണ നടത്തുമെന്നും ഒക്ടോബർ 11ന് ഡോക്ടർമാർ കൂട്ട അവധി എടുക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് കാണിച്ചതെന്ന് കെജിഎംഒഎ പറഞ്ഞു.
ദീർഘനാൾ നീണ്ട നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണ്ണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 15.01.2022 ന് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയിരുന്നു. സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ചും, റൂറൽ - ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നല്കിയിട്ടുരുന്നു. എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്സണൽ പേ അനുവദിക്കാത്തതും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.
ALSO READ: Stray dog attack: തെരുവ് നായ ശല്യം ചർച്ച ചെയ്യാൻ ഉന്നതതല യോഗം; പ്രതിരോധ കർമ്മപദ്ധതി അവലോകനം ചെയ്യും
സർക്കാർ നൽകിയ രേഖ മൂലമുള്ള ഉറപ്പിൻ്റെയും കോവിഡ് മൂന്നാം തരംഗത്തിൻ്റെയും പശ്ചാത്തലത്തിൽ ഡോക്ടർമാർ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾ മാറ്റിവയ്ക്കുകയായിരുന്നു. നിരന്തരമുള്ള ഇടപെടലുകൾക്ക് ശേഷവും ജനുവരി മാസം ഉത്തരവാകുമെന്ന് പറഞ്ഞ കാര്യങ്ങളിൽ തുടർ നടപടികൾ ഒന്നും ഉണ്ടാവാത്തതിനെ തുടർന്ന് മെയ് 1ന് ആശുപത്രിക്ക് പുറത്തുള്ള ഡ്യൂട്ടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ട് കെ ജി എം ഒ എ പ്രതിഷേധം പുനരാരംഭിചിരുന്നു.എന്നാൽ സർക്കാർ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ കാതലായ വിഷയങ്ങൾ ഒന്നും പരിഹരിക്കാതെയാണ് അപാകത പരിഹാര ഉത്തരവ് ഇറക്കിയതെന്ന് കെജിഎംഒഎ പറഞ്ഞു.
പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് സർക്കാർ ആശുപത്രികളിലെ വർദ്ധിച്ചു വരുന്ന തിരക്കിനിടയിലും രോഗീപരിചരണത്തോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഭരണനിർവ്വഹണവും മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുന്ന ആരോഗ്യവകുപ്പ് ഡോക്ടർമാരോടുണ്ടായിരിക്കുന്ന ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും കെജിഎംഒഎ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇതിനെ തുടർന്നാണ് സെപ്തംബർ 13 ചൊവ്വാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
രോഗീ പരിചരണം തടസ്സപ്പെടാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികളെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഡിഎച്ച്എസ് ഓഫീസിനു മുൻപിലും മറ്റ് ജില്ലകളിൽ കളക്ട്രറ്റ് / ഡി എം ഒ ഓഫീസ് കേന്ദ്രീകരിച്ചും അന്ന് പകൽ 2:30 മുതൽ 4 മണി വരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. അവഗണന തുടരുന്ന പക്ഷം സർക്കാർ ഡോക്ടർമാർ ഒക്ടോബർ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ സംസ്ഥാന സമിതി അറിയിച്ചു. രോഗീ പരിചരണത്തെ ബാധിക്കുന്ന സമരത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടാതെ സംഘടനക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...