Thiruvananthapuram : ഈ മാസം സംസ്ഥാനത്ത് 71 ദുരിതശ്വാസ ക്യാമ്പുകൾ (Reliefs Camps) തുടങ്ങിയിട്ടുണ്ടെന്നും 543 കുടുംബങ്ങളിലെ 2094 പേർ കഴിയുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞു. ഇതിൽ 821 പുരുഷന്മാരും 850 സ്ത്രീകളും 423 കുട്ടികളുമുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 19 ക്യാമ്പുകളിലായി 672 പേരും, കൊല്ലം ജില്ലയിലെ 10 ക്യാമ്പുകളിൽ 187 പേരും ആലപ്പുഴ ജില്ലയിലെ 10 ക്യാമ്പുകളിലായി 214 പേരും എറണാകുളം ജില്ലയിൽ 17 ക്യാമ്പുകളിൽ 653 പേരും ഉണ്ട്. കോട്ടയത്തെ 2 ക്യാമ്പുകളിൽ 24 പേരും, തൃശൂരിലെ 7 ക്യാമ്പുകളിൽ 232 പേരും, മലപ്പുറത്തെ 3 ക്യാമ്പുകളിൽ 53 പേരും, കോഴിക്കോട് ജില്ലയിലെ 3 ക്യാമ്പുകളിൽ 59 പേരുമാണ് ഉള്ളത്.
ALSO READ : Cyclone Tauktae ശക്തമായ ചുഴലിക്കാറ്റായി മാറി, കേരളത്തിൽ അടുത്ത 24 മണിക്കൂറത്തേക്ക് കനത്ത ജാഗ്രത
അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ തുടരുന്ന ശക്തമായ പ്രകൃതിക്ഷോഭത്തിൽ രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ആളുകൾ മരണപ്പെട്ടത്. രണ്ടുപേരും മുങ്ങിമരിക്കുകയായിരുന്നു.
കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം കേരളത്തിൽ ആകെ രേഖപ്പെടുത്തിയ മഴ ശരാശരി 145.5 മില്ലിമീറ്ററാണ്. കൊച്ചി, പീരുമേട് സ്റ്റേഷനുകളിൽ 200 മില്ലിമീറ്ററിന് മുകളിലുള്ള മഴ 24 മണിക്കൂറിൽ രേഖപ്പെടുത്തി. സംസ്ഥാനത്ത് കാറ്റ് വലിയ തോതിലുള്ള അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറ്റവുമധികം അപകടങ്ങൾ ഉണ്ടായിട്ടുള്ളത് മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണുമാണ്.
കാലവർഷം കേരളത്തിലെത്തുക മെയ് 31നോട് കൂടിയായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിമലയാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. നദിക്കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമായ ഘട്ടത്തിൽ ആളുകളെ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.
രൂക്ഷമായ കടൽക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. 9 ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ട്. കടൽ ഭിത്തി നിർമിച്ചത് കൊണ്ടുമാത്രം എല്ലായിടത്തും ശാശ്വതമായ പരിഹാരം ലഭിക്കില്ല.
ALSO READ : കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരെ കാണാതായി
അപകടാവസ്ഥയിൽ കഴിയുന്ന തീരദേശവാസികളുടെ സുരക്ഷക്കായുള്ള ഒരു ശാശ്വത പരിഹാരമെന്ന നിലക്കാണ് ‘പുനർഗേഹം’ പദ്ധതി സർക്കാർ ആവിഷ്‌കരിച്ചത്. 50 മീറ്റർ വേലിയേറ്റ പരിധിയിൽ അപകട സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വീടുകളിൽ താമസിക്കുന്നവർക്ക് അവിടെ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങാനും വീട് വെക്കാനും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്.
ഈ ഘട്ടത്തിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി ആരുടേയും ജീവൻ അപകടത്തിൽ പെടുന്നില്ല എന്നുറപ്പാക്കുകയാണ് വേണ്ടത്. ശക്തമായ മഴയും കാറ്റുമുള്ള ഘട്ടത്തിൽ ജലാശയത്തിൽ ഇറങ്ങുന്നതും നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം. ക്യാമ്പുകളിലേക്ക് മാറാനുള്ള നിർദ്ദേശം ലഭിക്കുകയാണെങ്കിൽ കോവിഡ് പകർന്നേക്കാം എന്ന ആശങ്ക കാരണം മാറാതെ ഇരിക്കരുത്.
ALSO READ : കേരളത്തിൽ അതിശക്തമായ മഴ; അച്ചൻ കോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയസാധ്യതാ മുന്നറിയിപ്പ്
ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷിതമായി ക്യാമ്പുകൾ നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗികളായവരെ, ക്വാറന്റീനിൽ കഴിയുന്നവരെയൊക്കെ പ്രത്യേകമായി തന്നെ പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. ക്യാമ്പുകളിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും പരമാവധി ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA