കോട്ടയം : കിടപ്പാടമില്ലാതെ തെരുവിൽ കഴിയുന്നവർക്ക് സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക തുടർച്ചയായ സൗജന്യ മെഡിക്കൽ ക്യാമ്പ് ക്രമീകരിക്കുമെന്ന് മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അറിയിച്ചു. ഓരോ മൂന്നു മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് മഹായിടവക അങ്കണത്തിൽ ക്രമീകരിച്ച ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ് അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ടൗണിലേയും പരിസരങ്ങളിലേയും അഗതികൾക്കും ഭവനരഹിതർക്കുമായി ഒരുക്കിയിരുന്ന പ്രഭാതഭക്ഷണത്തിൽ മഹായിടവക ബിഷപ്പും ട്രെഷറർ റവ. ഡോ. ഷാജൻ എ. ഇടിക്കുള, വൈദിക സെക്രട്ടറി റവ. നെൽസൺ ചാക്കോ, അത്മായ സെക്രട്ടറി ജേക്കബ് ഫിലിപ്പ് കല്ലുമല, രജിസ്ട്രാർ ഫിലിപ്പ് എം. വറുഗീസ്, പുരോഹിതന്മാർ, ചർച് വർക്കേഴ്സ്, സ്‌കൂൾ, കോളജ് പ്രിൻസിപ്പാൾമാർ തുടങ്ങിയവർ പങ്കുചേർന്നു. തെരുവിൽ കഴിയുന്നവർക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പിനും തുടക്കമായി.
മരുന്നും വസ്ത്രങ്ങളും ബിഷപ് വിതരണം ചെയ്തു.
സി. എം. എസ്. കോളജിലെ എൻ.സി.സി. കേഡറ്റുകളും സി. എം. എസ്. കോളജ് ഹയർ സെക്കന്ററി സ്‌കൂളിലെ സ്കൗട്ട്സും ഗൈഡ്‌സും മറ്റും അവതരിപ്പിച്ച പ്രത്യേക സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...