തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് സിപിഎം തിരുവാതിരക്കളി നടത്തി (CPM Mega Thiruvathira). സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാല ചെറുവാരക്കോണം എൽ എം എസ് കോമ്പൗണ്ടിലെ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം വി. ആർ സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിരക്കളി. പൊതുപരിപാടികൾക്ക് 150 പേർ വരെ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്ന സർക്കാർ ഉത്തരവ് മറികടന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ജില്ലാ സെക്രട്ടറിയും കാഴ്ചക്കാരായി വേദിയിലുണ്ടായിരുന്നു.
ഏപ്രിൽ ആറ് മുതൽ പത്ത് വരെ കണ്ണൂരിൽ നടക്കുന്ന സിപിഎമ്മിന്റെ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി എല്ലാ ജില്ലകളിലെയും ജില്ലാ സമ്മേളനങ്ങൾ നടന്നു വരികയാണ്. ഇതിനു ശേഷം ഇനി സംസ്ഥാന സമ്മേളനവും നടക്കേണ്ടതുണ്ട്. എന്നാൽ, കൊവിഡ് - ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കടക്കം വീണ്ടും സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ പാർട്ടി ഏരിയ - ലോക്കൽ കമ്മറ്റികളിൽ ഉൾപ്പെടെയുള്ളവർ പാറശ്ശാലയിൽ മെഗാ തിരുവാതിരക്കളിയിൽ പങ്കെടുക്കാനെത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ആയിരുന്നു സംഘാടകർ.
ALSO READ : Kerala Omicron Update | സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു, 76 പേര്‍ക്ക് കൂടി രോഗമെന്ന് വീണാ ജോര്‍ജ്
ചെറുവാരക്കോണം സിഎസ്ഐ ചർച്ചിന് സമീപത്തെ എൽ എം എസ് കോമ്പൗണ്ടിൽ ആയിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വി.ആർ.സലൂജയുടെ നേതൃത്വത്തിലാണ് തിരുവാതിരക്കളി നടന്നത്. 550 ലധികം വരുന്ന വനിതകളാണ് തിരുവാതിരകളി അവതരിപ്പിച്ചത്.
കൂടാതെ നിരവധി കാഴ്ചക്കാരും പാർട്ടി അനുഭാവികളും നേതാക്കന്മാരും ചടങ്ങിനെത്തി. ഇതിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം. എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉണ്ടായിരുന്നു. ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ. രതീന്ദ്രൻ, പുത്തൻകട വിജയൻ എന്നിവരും മുഴുവൻസമയ പങ്കാളികളായി. ചടങ്ങിനെത്തിയവരുടെ മുഴുവൻ കണക്ക് പരിശോധിക്കുമ്പോൾ ഏതാണ്ട് 600നടുത്ത് വരും.
ALSO READ : കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
ഓരോ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് തിരുവാതിരക്കളിയുടെ പരിശീലനം കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരികയായിരുന്നു. ജില്ലാസമ്മേളനവും സമ്മേളന നഗരിയായ പാറശ്ശാലയും പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങളും ആസ്പദമാക്കിയായിരുന്നു തിരുവാതിരഗാനം അണിയിച്ചൊരുക്കിയത്.
മരണാനന്തര, വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഭരണപക്ഷത്തെ പാർട്ടിയുടെ ഭാഗത്ത് നിന്നു തന്നെ ഇത്തരത്തിൽ ചട്ടലംഘനം നടന്നത് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇതിനോടകം തന്നെ വഴിവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...