തിരുവനന്തപുരം: കൊവിഡ് ബാധയെ തുടർന്ന് ശ്രീചിത്ര മെഡിക്കൽ കോളജിലെ (Sree Chithra Medical College) ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ഇവിടെ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച ഏഴ് രോഗികൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജീവനക്കാർക്കും കൊവിഡ് (Covid) സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം താൽകാലികമായി അടച്ചത്.
അതേമസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്നേക്കാമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇന്ന് 20,000 പേരെങ്കിലും പോസിറ്റീവ് ആകുമെന്നാണ് കരുതുന്നത്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.
ALSO READ: കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തം; രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹന ഗതാഗതം നിരോധിച്ചു
രോഗവ്യാപനം രൂക്ഷമായ കോഴിക്കോട്, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ ഐസിയു സൗകര്യങ്ങൾ പൂർണമായും നിറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ 60 ശതമാനത്തോളം ഐസിയുകളും നിലവിൽ ഉപയോഗിക്കുന്നുണ്ട്. രോഗ വ്യാപനം അതിരൂക്ഷമായാൽ സ്ഥിതി നിയന്ത്രണാതീതമാകും.
കേരളത്തിൽ ശക്തമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിർത്തിയായ ഇഞ്ചിവിള ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ-പാസ് ഉള്ളവരെയും ആശുപത്രി പോലുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
വാളയാർ അതിർത്തിയിലും കേരള പൊലീസ് ശക്തമായ പരിശോധന തുടങ്ങിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാഗ്രത പോർട്ടലിലെ രജിസ്ട്രേഷൻ പരിശോധിച്ച് ഇ-പാസ് ഉണ്ടോയെന്ന് ഉറപ്പ് വരുത്തി അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്സിൻ സ്വീകരിച്ചവരാണെങ്കിലും 48 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
ആർടിപിസിആർ (RTPCR) സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ലാത്തവർ കേരളത്തിൽ എത്തിയാൽ ഉടൻ പരിശോധന നടത്തണം. ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനിൽ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം, പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നതിൽ അവശ്യ സർവീസുകൾക്ക് ഒഴികെ മറ്റൊന്നിനും ഇളവ് ഉണ്ടാകില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ആർടിപിആർ ഫലം നെഗറ്റീവ് ആകുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും കേരളത്തിൽ താമസിക്കുന്ന സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...