കോഴിക്കോട്: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ പരക്കെ ആക്രമണം.
വെഞ്ഞാറമൂട് കോണ്‍ഗ്രസ് (Congress) ഓഫീസ് തീയിട്ട് നശിപ്പിച്ചു. നാദാപുരത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. കല്ലാച്ചി കോര്‍ട്ട് റോഡിലെ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കെട്ടിടത്തിന്‍റെ ജനലുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു.
കാട്ടാക്കടയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ് നടന്നു. ഇതില്‍ പ്രതിഷേധിച്ച് പൂവച്ചല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. വട്ടിയൂര്‍ക്കാവിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു
കോണ്‍ഗ്രസ് ഓഫിസിന് നേരേയുണ്ടാക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വെമ്പായത്ത് യുഡിഎഫ് (UDF) ഹര്‍ത്താല്‍ ആചരിക്കും.
വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. വെമ്പായ൦ പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിന് പിന്നാലയാണ് ആക്രമണം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.