തിരുവനന്തപുരം: കോൺഗ്രസിലെ അവഗണനയിൽ മനംമടുത്ത് മറ്റൊരു നേതാവ് കൂടി പാർട്ടി വിട്ട് സിപിഎം പാളയത്തിലേക്ക് എത്തിയേക്കും. കെപി അനിൽകുമാറും പിഎസ് പ്രശാന്തും കോൺഗ്രസ് വിട്ട് അധിക നാൾ ആകുന്നതിന് മുന്പാണ് പുതിയ സംഭവ വികാസങ്ങൾ. പാർട്ടിയിലെ പ്രമുഖ വനിതാ നേതാവും പിഎസ്‍ സി മുൻ അംഗവുമായ സിമി റോസ്ബെൽ ജോണാണ് ഏറെക്കാലമായുളള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നത്.
പാർട്ടിയിൽ നിന്ന് നിരന്തരം അവഗണന നേരിടുന്നതായും കോൺഗ്രസിൽ അർഹതയല്ല മാനദണ്ഡമെന്നും സിമി റോസ്ബെൽ ജോൺ സീ മലയാളം ന്യൂസിന്റെ സീ ഡിബേറ്റിൽ തുറന്നടിച്ചു. സിപിഎമ്മിലേക്ക് തനിക്ക് ക്ഷണമുണ്ടെന്നും സിമി റോസ്ബെൽ ജോൺ വെളിപ്പെടുത്തി.
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന റോസക്കുട്ടി ടീച്ചറും ശോഭനാ ജോർജ്ജും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.
സീ ഡിബേറ്റിലെ പാനലിസ്റ്റുകളായിരുന്ന പിഎസ് പ്രശാന്തും എഎച്ച് ഹഫീസും ചർച്ചയ്ക്കിടെ സിമിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നുമായിരുന്നു സിമിയുടെ മറുപടി. കഴിഞ്ഞ കുറെ നാളുകളായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ് സിമി റോസ്ബെൽ ജോൺ. എറണാകുളം ജില്ലയിലെ നേതാക്കളായ കെവി തോമസ്, ഹൈബി ഈഡൻ എന്നിവരുമായി കടുത്ത അഭിപ്രായ ഭിന്നതയും നിലനിൽക്കുന്നുണ്ട്. ഇനിയും അവഗണന സഹിച്ച് പാർട്ടിയിൽ തുടരേണ്ടതില്ലെന്നാണ് സിമിയുടെ തീരുമാനം. സിപി എം നേതൃത്വവുമായി വൈകാതെ ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങുമെന്നാണ് സൂചന.
മുൻ കോൺഗ്രസ് നേതാക്കളായ കെപി അനിൽകുമാറും പിഎസ് പ്രശാന്തും തന്നെയായിരിക്കും ഇക്കാര്യത്തിലും ഇടനിലക്കാരായി ചർച്ചകൾക്ക് നേതൃത്വം നൽകുക. 2021 സെപ്റ്റംബറിൽ ആയിരുന്നു കെപി അനിൽകുമാറും പിഎസ് പ്രശാന്തും കോൺഗ്രസ് വിട്ടതും സിപിഎമ്മിൽ ചേർന്നതും. നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ഇരുവർക്കും എതിരെ പാർട്ടി നേതൃത്വം നടപടിയെടുക്കുകയും ചെയ്തിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കോൺഗ്രസിൽ നേതൃമാറ്റം വന്നെങ്കിലും പാർട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.