തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയർ ബമ്പർ റിസൾട്ട് വന്നതിനൊപ്പം മറ്റൊരു ബമ്പർ ജേതാവിന്റെ വിശേഷങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് സീ മലയാളം ന്യൂസ്. ഓണം ബമ്പർ ലോട്ടറി വിജയിയായി ലോകം മുഴുവൻ അറിയപ്പെട്ട അനൂപിനെ കുറിച്ച് തന്നെയാണിത്. ഒരിക്കൽ ബമ്പർ ജേതാവായ അനൂപിന് ലോട്ടറിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കഴിയില്ല. ആ കഥയാണ് ഇനി പറയുന്നത്.
അനൂപിന്റെ ജീവിതം തന്നെ മാറ്റിമറിച്ചതായിരുന്നു കഴിഞ്ഞ വർഷത്തെ ഓണം ബംമ്പർ. 25 അഞ്ച് കോടിയായിരുന്നു സമ്മാനം. മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് എടുത്ത പണം കൊണ്ടായിരുന്നു അന്ന് ലോട്ടറി വാങ്ങിയത്. തിരുവനന്തപുരം കിഴക്കെ കോട്ടയിലെ ലോട്ടറി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുക്കുമ്പോൾ ഒന്നാം സമ്മാനം ലഭിക്കുമെന്ന് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഒന്നാം സമ്മാനം തേടിയെത്തിയത് അനൂപിനെ തന്നെ ആയിരുന്നു. എന്തായാലും അന്നുമുതൽ തിരക്കിലാണ് അനൂപ്. സാഹയം അഭ്യർത്ഥിച്ച് വീട്ടിലേക്ക് വരുന്നവരുടെ തിരക്ക്, സംഭാവനകൾ ചോദിച്ചു വരുന്നവരുടെ തിരക്ക് അങ്ങനെ അങ്ങനെ... ആ തിരക്ക് മാറ്റമില്ലാതെ ഇപ്പോഴും തുടരുകയുമാണ്.
കാണാൻ എത്തുന്നവരുടെയും സാഹായം അഭ്യർത്ഥി എത്തുന്നവരുടെയും തിരക്ക് കാരണം ഇപ്പോൾ ശ്രീവരാഹം മാർക്കറ്റ് ജംഷന് സമീപമുള്ള വീട്ടിൽ നിന്നു പോലും താമസം മാറിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവർ ആയിരുന്നു അനൂപ്. അതാണ് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞത്. ലോട്ടറി അടിച്ച ശേഷം നടന്നതെല്ലാം ആലോചിച്ചുപോലും നോക്കാത്ത കാര്യങ്ങളായിരുന്നു. അല്പം മനസമാധാനത്തിനായി താമസ സ്ഥലം വരെ മാറിയിരിക്കുകയാണ് ആ 'ഭാഗ്യവാൻ'. എല്ലാവരും ഭാഗ്യവാൻ ഭാഗ്യവാൻ എന്ന് വിളിക്കുന്നുണ്ടെങ്കിലും മനസമാധനത്തിന് ഒടുവിൽ നാടുവിടേണ്ടി വന്നു എന്നതാണ് സത്യം.
കാര്യങ്ങൾ അങ്ങനെ ആണെങ്കിലും ലോട്ടറിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അനൂപിന് കഴിയില്ല. അതു കൊണ്ട് തന്നെ ലോട്ടറി എടുക്കുന്നതിന് പകരം ഇനി വിൽപന ആകാം എന്ന് തീരുമാനിച്ചു. നാളെയാണ് (ജനുവിര 20, വെള്ളിയാഴ്ച) അനൂപിന്റെ ലോട്ടറി കടയുടെ ഉദ്ഘാടനം. മണക്കാട്ട് പുതിയ സ്ഥാപനം തുറക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു സീ മലയാളത്തിൽ നിന്ന് ബന്ധപ്പെട്ടപ്പോൾ അനൂപ്. അതിനിടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർജേതാവിന് അഭിനന്ദനവും അറിയിച്ചു.