Chef Pillai: ഒരു മനുഷ്യന്‍ ഇത്രയും സിംപിള്‍ ആകാമോ!!! ഷെഫ് പിള്ള എഴുതുന്നു, മന്ത്രി പി രാജീവിനെ കുറിച്ച്

സംസ്ഥാനത്തെ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയ പി രാജീവിന്റെ ലാളിത്യത്തെ കുറിച്ചാണ് ഷെഫ് പിള്ളയുടെ കുറിപ്പ്. തന്റെ 25 വര്‍ഷത്തെ പാചകജീവിതത്തിത്തില്‍ തന്നെ അതിശയിപ്പിച്ച ഒരനുഭവം എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 11:50 AM IST
  • മന്ത്രി പി രാജീവ് കൊച്ചിയിലെ ലെമെറിഡിയനിലെ ഷെഫ് പിള്ള റസ്റ്റൊറന്റിൽ എത്തിയപ്പോഴുണ്ടായ കാര്യങ്ങളെ കുറിച്ചാണ് കുറിപ്പ്
  • ഇരിപ്പിടങ്ങൾ നിറഞ്ഞതിനാൽ, റസ്റ്റൊറന്റിന്റെ ജിഎം പറഞ്ഞതനുസരിച്ച് പി രാജീവും കുടുംബവും ഒരു എതിർപ്പും കൂടാതെ കാത്തുനിൽക്കാൻ തയ്യാറായി
  • റസ്റ്റൊറന്റിന്റെ ജിഎം മലയാളി അല്ലാത്തതിനാൽ മന്ത്രിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല
Chef Pillai: ഒരു മനുഷ്യന്‍ ഇത്രയും സിംപിള്‍ ആകാമോ!!! ഷെഫ് പിള്ള എഴുതുന്നു, മന്ത്രി പി രാജീവിനെ കുറിച്ച്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പാചകക്കാരുടെ പട്ടികയെടുത്താൽ അതിൽ ആദ്യത്തെ പേരുകളിൽ ഒന്ന്  'ഷെഫ് പിള്ള' എന്ന സുരേഷ് പിള്ള എന്നായിരിക്കും. ഷെഫ് പിള്ളയുടെ ഫിഷ് നിര്‍വ്വാണയുടെ രുചി ഒരിക്കലെങ്കിലും അറിയണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. പാചകത്തിലും സംസാരത്തിലും എന്നതുപോലെ തന്നെ എഴുത്തിലും തനത് രുചി സൂക്ഷിക്കുന്ന ഷെഫ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സംസ്ഥാനത്തെ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയ പി രാജീവിന്റെ ലാളിത്യത്തെ കുറിച്ചാണ് ഷെഫ് പിള്ളയുടെ കുറിപ്പ്. ലെ മെറിഡിയനിലെ ഷെഫ് പിള്ള റസ്റ്റൊറന്റില്‍ മന്ത്രിയും കുടുംബവും എത്തിയപ്പോഴുണ്ടായ സംഭവങ്ങളാണ് അദ്ദേഹം വിവരിക്കുന്നത്. തന്റെ 25 വര്‍ഷത്തെ പാചകജീവിതത്തിത്തില്‍ തന്നെ അതിശയിപ്പിച്ച ഒരനുഭവം എന്നാണ് 'ഒരു മനുഷ്യന്‍ ഇത്രയും സിംപിള്‍ ആകാമോ' എന്ന് തലക്കെട്ടിട്ട് ഷെഫ് പിള്ള ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം...

"ഒരു മനുഷ്യൻ ഇത്രയും സിംപിൾ ആകാമോ !!!

ഇതാ എന്റെ 25 വർഷത്തെ പാചക ജീവിതത്തിൽ എന്നെ അതിശയിപ്പിച്ച ഒരനുഭവം.

ഞാൻ കഴി‍ഞ്ഞ ദിവസം ബെംഗളൂരുവിലായിരുന്നു. നന്ദി ഹിൽസിനു സമീപം ജെഡബ്ല്യു മാറിയറ്റ് പ്രസ്റ്റീജ് ഗോൾഫ്ഷർ റിസോർട്ടിൽ, പ്രസ്റ്റീജ് കുടുംബത്തിലെ തന്നെ ഹൈ പ്രൊഫൈൽ വിവാഹത്തിന് കിങ് ഫിഷ് നിർവാണയും ക്വയ്‌ലോൺ പാൽക്കൊഞ്ചും ഒരുക്കുന്ന തിരക്കിൽ.
കൊച്ചി റസ്റ്ററന്റിലെ ജിഎം ലിജോ വിളിക്കുന്നു, ശബ്ദത്തിൽ നിന്നറിയാം ആൾ പാനിക്കാണ്. എന്തോ ഒരു വലിയ അബദ്ധം സംഭവിച്ചെന്നു മനസിലായി. സംഗതി ഇതായിരുന്നു വളരെ തിരക്കുള്ള സായാഹ്നം. സീറ്റെല്ലാം നിറയെ അതിഥികൾ. ബുക്ക് ചെയ്തു വന്നിട്ട് അവസരം കാത്തു നിൽക്കുന്നവർ അതിലേറെ. കാത്തു നിൽക്കുന്നവർക്കുളള ഇരിപ്പിടം വരെ നിറഞ്ഞിരിക്കുന്നു. 9 മണിയോടെ മുണ്ടുടുത്ത ഒരു സൗമ്യമായ ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും വന്ന്  ഇരിപ്പിടം ഒഴിവുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ല സാർ, വെയിറ്റു ചെയ്യണം ഇവരെല്ലാം കാത്തുനിൽക്കുവന്നരാണ്. അങ്ങയുടെ ഊഴമെത്തുമ്പോൾ വിളിക്കാം എന്നു പറയുന്നു.

 

വളരെ സൗമ്യതയോടെ പുഞ്ചിരിച്ച് അദ്ദേഹവും കുടുബവും ഒരരുകിലേക്ക് മാറി നിൽക്കുന്നു. ഇത് കണ്ട മറ്റൊരു അതിഥി പെട്ടന്ന് വന്ന് ലിജോയോട്  ‘‘അദ്ദേഹം മന്ത്രിയാണ് ഞങ്ങൾ കാത്തു നിന്നോളാം, അദ്ദേഹത്തിന് സീറ്റ് കൊടുക്കൂ ’’എന്നു പറഞ്ഞതാണ് ഫ്ലാഷ് ബാക്ക്. 10 മിനിറ്റിനകം അദ്ദേഹത്തിനും കുടുംബത്തിനും ടേബിൾ കൊടുക്കാനായി. ഞെട്ടിപ്പോയി!!! വ്യവസായ മന്ത്രിയായ എറണാകുളത്തിന്റെ സ്വന്തം പി രാജീവാണ് തിരക്ക് കഴിയട്ടെ എന്നു കരുതി ഒരു അരുകിലേക്ക് മാറി നിന്നത്. അദ്ദേഹത്തിന് ലെ മെറഡിയന്റെ ഉടമ മുഹമ്മദാലി സാറിനെയൊ ആരെ വേണമെങ്കിലുമോ വിളിച്ച് പറഞ്ഞ് സകല സന്നാഹങ്ങളോടെ വരാമായിരുന്നു.

Read Aslo: ഫയലുകൾ കെട്ടിക്കിടക്കരുത്, തീരുമാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വ്യവസായവകുപ്പ്

രംഗം രണ്ട് :
അങ്ങയെ എനിക്ക് മനസിലായില്ലായിരുന്നു എന്നു താഴ്മായി ക്ഷമാപണ സ്വരത്തിൽ  ലിജോ പറയുന്നു , ‘‘കൊച്ചിയിൽ സ്ഥാപനം നടത്തുമ്പോൾ ഇവിടുള്ളവരെയൊക്കെ അറിയേണ്ടേ’’ എന്നു ചിരിച്ചു കൊണ്ട് രാജീവ് സാർ ചോദിക്കുന്നു. ‘‘സർ, ഞാൻ കർണാടക്കാരനാണ്, കൂർഗ് സ്വദേശിയാണ് കൊച്ചിയിൽ വന്നിട്ട് കുറച്ച് നാളേ ആയുള്ളു.’’ ലിജോ വീണ്ടും താഴ്മയോടെ പറയുന്നു. അതിഥി തൊഴിലാളിയാണ് മുന്നിൽ നിന്ന് മലയാളം പറയുന്നത് എന്നറിഞ്ഞപ്പോൾ മന്ത്രി വാത്സല്യത്തോടെ ലിജോയെ ചേർത്ത് പിടിച്ച് സാരമില്ല എന്നു പറഞ്ഞപ്പോൾ നിറഞ്ഞത് അവന്റെ കണ്ണുകളാണ്. 
ഭക്ഷണമെല്ലാം ഇഷ്ടപ്പെട്ട് സന്തോഷത്തോടെയാണ് അദ്ദേഹവും കുടുബവും മടങ്ങിയത്.

ഒന്നാലോചിച്ചേ, പി.രാജീവിനെ പോലൊരു ഉന്നത ശീർഷനായ നേതാവിന്, തിരക്കേറിയ മന്ത്രിക്ക് ഇത്രയും വിനീതനായി തീൻമേശക്കു മുന്നിൽ കാത്തു നിൽക്കേണ്ട കാര്യമുണ്ടോ?

അദ്ദേഹത്തിന്റെ ലാളിത്യത്തെപ്പറ്റി കേട്ടറിവുമാത്രമേയുണ്ടായിരുന്നുള്ളൂ. ഇതു വരെ കണ്ടിട്ടില്ല. എന്നാൽ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു നേതാവാണ് താങ്കൾ... നമിക്കുന്നു പ്രിയ രാജീവേട്ടാ... അങ്ങയുടെ ഈ ലാളിത്യത്തിനു മുന്നിൽ."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News