Trivandrum: കേന്ദ്ര സിലബസില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് കേരളത്തില്‍ ഉപരി പഠനത്തിന് അവസരങ്ങള്‍ കുറയുന്ന പ്രശ്നത്തില്‍ ഇടപെടാന്‍ ഗവർണർ സന്നദ്ധത അറിയിച്ചു. ഇതു സംബന്ധിച്ച്, സിബിഎസ്ഇ സ്ക്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ഗവർണർക്ക് നിവേദനം നല്കിയിരുന്നു.
ഉന്നയിച്ച കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രയാസം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും ആവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സർക്കാരിനോടും സിബിഎസ്ഇ-യോടും ശുപാർശ ചെയ്യാമെന്നും ഗവർണർ ഉറപ്പു നല്കി.
Also Read: Covid Third Wave: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത,ഒക്ടോബറിൽ മൂന്നാംതരംഗമെന്ന് സൂചന
സിബിഎസ്ഇ ഇത്തവണ 10, 12 ക്ലാസ് പരീക്ഷകള്‍ നടത്തിയിരുന്നില്ല. പകരം നടത്തിയ മൂല്യ നിർണ്ണയത്തിലൂടെ, മുന്‍കാല ശരാശരി നോക്കിയുള്ള വിജയം നല്കുകയാണ് ചെയ്തത്. എന്നാല്‍ പാഠഭാഗങ്ങളുടെ നാലിലൊന്ന് പഠിച്ച്, മുഴുവന്‍ മാർക്കും വാങ്ങാന്‍ കഴിയുന്ന രീതിയാണ് കേരള സിലിബസില്‍ സ്വീകരിച്ചത്. അതോടെ, കേരള സിലബസില്‍ പഠിച്ചവരില്‍ മുഴുവന്‍ മാർക്കും വാങ്ങിയവരുടെ എണ്ണവും എ പ്ലസ് എണ്ണവും പതിന്മടങ്ങ് കൂടി.
കേന്ദ്ര സിലബസില്‍ 90 ശതമാനം വാങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥിയ്ക്ക് പോലും സ്റ്റേറ്റ് ഹയർ സെക്കന്‍ററിയില്‍ ചേരാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. ഇതേ പ്രശ്നം, കേന്ദ്ര സിലബസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഡിഗ്രി പ്രവേശനത്തിലുമുണ്ട്.
നിലവാരത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേന്ദ്ര സിലബസിലെ വിദ്യാർത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ പഠിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് സിബിഎസ്ഇ സ്ക്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ഗവർണർക്ക് നിവേദനം നല്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...