സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ എത്തുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. അദ്ദേഹത്തിന് കോർ കമ്മിറ്റിയിൽ എത്താനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രതിപദ്ധതയിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ തീരുമാനങ്ങളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും മാധ്യമങ്ങളിൽ നിന്നാണ് ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ സുരേഷ് ഗോപി കേരളത്തിലെ കോര്‍ കമ്മിറ്റി അംഗമാകും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. വരാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കം. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരം ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യസഭയിലെ കാലാവധി കഴിഞ്ഞതോടെ സുരേഷ് ഗോപി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ വന്നത്. രണ്ടാമത് ഒരു ടേം കൂടി അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നും എന്നാല്‍ നേതൃത്വം അത് അനുവദിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പദവികളില്ലാതെ സജീവരാഷ്ട്രീയത്തില്‍ തുടരുന്നില്ല എന്ന നിലപാടിലേക്ക് ഇതോടെ സുരേഷ് ഗോപി മാറി എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിറകെ അദ്ദേഹം സിനിമയില്‍ സജീവമാവുകയും ചെയ്തിരുന്നു.
സന്ദീപ് വാര്യരെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി പാർട്ടി അധ്യക്ഷൻ വിശദീകരിക്കുമെന്നും മാധ്യമപ്രവർത്തരോട് സംസാരിക്കുന്നതിനിടെ വി മുരളീധരൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. നാടിന്റെ വികസനത്തിനു വേണ്ടിയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് എന്നാണ് പറയുന്നത്. അതിന് സന്തോഷ് ജോർജ് കുളങ്ങരയുടെ പരിപാടി കണ്ടാൽ പോരേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്തിനാണ് നാട്ടുകാരുടെ ചെലവിൽ നാട് ചുറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു,
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...