തലശേരി: ഇസ്ലാമിക തീവ്രവാദം ക്രിസ്ത്യാനികൾക്ക് ഉയർത്തുന്ന വെല്ലുവിളിയെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തലശേരി അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദം ക്രൈസ്തവസഭയ്ക്ക് വർത്തമാനകാലത്ത് ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങൾ ചെറുതല്ല. അതുകൊണ്ട് സ്വാഭാവികമായും സഭാനേതൃത്വത്തിന് ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് ആശങ്ക ഉണ്ടാകുന്നതിൽ ആർക്കും തെറ്റുപറയാനാവില്ല. നരേന്ദ്ര മോദി സർക്കാർ സഭയുടെ ആശങ്കകൾ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജോസ് കെ മാണി മുതൽ ജോർജ് എം തോമസ് വരെയുള്ളവർക്ക് ലൗവ് ജിഹാദ് സംബന്ധിച്ച അവരുടെ പ്രസ്താവനകൾ പിൻവലിക്കേണ്ടിവന്ന കേരളത്തിലെ സാഹചര്യം വി.മുരളീധരൻ ചൂണ്ടിക്കാട്ടി. ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചാൽ ബിഷപ്പുമാർ പോലും കേസിൽ പ്രതികളാക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. സഭ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഒന്നും പറഞ്ഞതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല എന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ഇസ്ലാം വിശ്വാസികളെ എല്ലാവരെയും സംശയത്തോടെ കാണുന്നില്ല. പക്ഷേ ക്രൈസ്തവരായ പെൺകുട്ടികളെ മതം മാറ്റാൻ ബോധപൂർവ്വമായ ശ്രമം ചില ശക്തികൾ നടത്തുന്നു എന്ന് സഭാനേതൃത്വം ചൂണ്ടിക്കാണിക്കുമ്പോൾ അത് അന്വേഷിക്കേണ്ടതല്ലേ എന്നും കേന്ദ്ര മന്ത്രി ചോദിച്ചു .വിദ്യാഭ്യാസ ആതുര ശുശ്രൂഷ രംഗത്ത് എല്ലാം മഹനീയമായ സംഭാവനകൾ നൽകുന്ന ഒരു സമുദായം ഒരു ആശങ്ക ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ കുറിച്ച് അന്വേഷിക്കുകയും ഒരു പരിഹാരം കണ്ടെത്താനും ഉത്തരവാദപ്പെട്ട ആളുകൾ ചെയ്യേണ്ടതിനു പകരം അത് പറയുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുകയാണോ വേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ലൗ ജിഹാദ് പോലുള്ള അനാശാസ്യമായ പ്രവണതകൾ മതതീവ്രവാദികൾ നടത്തുന്നു എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും രണ്ട് മുൻ പോലീസ് മേധാവിമാരും പറഞ്ഞിട്ടുണ്ട്. ഇത്രയെല്ലാം തെളിവുകൾ മുന്നിലുണ്ടായിട്ടും സഭയുടെ ആശങ്കകളെ അതിന്‍റെ മുഖവിലക്കെടുക്കാൻ എന്തുകൊണ്ട് സർക്കാർ മടികാണിക്കുന്നു എന്നും കേന്ദ്രമന്ത്രി ചോദിച്ചു. തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം ആണ് കേന്ദ്ര സർക്കാർ എക്കാലവും സ്വീകരിക്കുന്നത്. അത് ഏതെങ്കിലും സമുദായത്തോടുള്ള വിരോധമല്ല. സമുദായത്തിലെ പുഴുക്കുത്തുകൾ രാജ്യസുരക്ഷയ്ക്കും പൗരൻമാരുടെ സുരക്ഷിതമായ ജീവിതത്തിനും വെല്ലുവിളി ആയാൽ നരേന്ദ്രമോദി സർക്കാർ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും
മുരളീധരൻ പറഞ്ഞു .
കേരളത്തിന്‍റെ ചരിത്രത്തിൽ പല ഘട്ടങ്ങളിലും ഉറച്ച നിലപാടുകളിലൂടെ ജനദ്രോഹപരമായ നടപടികളെ എതിർക്കാൻ കത്തോലിക്കാസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കർഷക പ്രശ്നങ്ങളിലും സിൽവർ ലൈൻ പോലുള്ള ജനങ്ങൾക്ക് താൽപര്യമില്ലാത്ത പദ്ധതിയിലും ജനപക്ഷത്ത് നിന്നുള്ള സഭയുടെ ഉറച്ച സമീപനം പ്രത്യാശ പകരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...