ജെറുസലേം: ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി സൗമ്യയുടെ കുടുംബം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് സഹായം തേടിയിരുന്നു.
ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം ഇന്ത്യൻ സമയം ഏതാണ്ട് ആറുമണിയോടെ അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. നാട്ടിൽ ഭർത്താവിനോട് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ സുരക്ഷ കേന്ദ്രത്തിലേക്ക് മാറാനും യുവതിക്ക് സാധിച്ചില്ല.
Also Read: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: വി. മുരളീധരൻ
അതിന് ശേഷം അവിടെയുള്ള ബന്ധുവാണ് മരണവിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചത്. മൃതദേഹം അഷ്കലോണിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
നഴ്‌സായ സൗമ്യ 7 വർഷമായി ഇസ്രയേലിൽ കെയർ ടേക്കർ ജോലി ചെയ്തു വരികയായിരുന്നു. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്കലോണിലെ താമസസ്ഥലത്ത് ഹമാസിന്റെ തുടരെയുള്ള ഷെല്ലുകൾ പതിക്കുകയും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം ചിന്നി ചിതറുകയും ആയിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചുവെന്നാണ് റിപ്പോർട്ട്.
സൗമ്യ ഒടുവിൽ നാട്ടിൽ വന്നത് 2 വർഷം മുൻപാണ്. അഡോൺ ഏക മകനാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻ മെംബർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.
24 മണിക്കൂറിൽ അധികമായി ശക്തമായ ആക്രമണമാണ് ഇരുപക്ഷവും നടത്തുന്നത്. റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...