ഇടുക്കി: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിലേക്കാണ് ഇടിമിന്നലേറ്റത്.
ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് പാറമടയിലെ താത്കാലിക ഷെഡ്ഡിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് പരിക്കേറ്റത്. തൊടുപുഴയ്ക്കടുത്ത് ആലക്കോട് കച്ചിറപ്പാറയിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്‌സ് എന്ന പാറമടയിലാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടനെ തൊഴിലാളികളെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പൂപ്പാറ സ്വദേശി രാജയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണപ്പെട്ടത്. മരണമടഞ്ഞ രാജ ഉൾപ്പെടെ രണ്ട് പേരെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മറ്റൊരു തൊഴിലാളിക്ക് നെഞ്ചിലും മുതുകിലും പൊള്ളലേറ്റിരുന്നു.
തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമായി നിർമിച്ച ഷെഡിനുള്ളിൽ തറയിലും സ്റ്റൂളിലുമായി തൊഴിലാളികളിരുന്ന് സംസാരിക്കുന്നതിനിടെയാണ് ഇടിമിന്നലുണ്ടായത്. ഇതിന്റെ ആഘാതത്തിൽ എല്ലാവരും തറയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പലരും നെഞ്ചിടിച്ചാണ് തറയിലേക്ക് വീണത്.
പാറമടയിലുണ്ടായിരുന്ന കാറിൽ പരിക്കേറ്റ മൂന്ന് പേരെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്ക് വരുന്നതിനിടെ ഇവർ ആലക്കോട് ടൗണിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്നും കൂടുതൽ ആംബുലൻസുകൾ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. തൊടുപുഴ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...