കൊൽക്കത്ത: വടക്കൻ പശ്ചിമ ബംഗാളിലെ സിലിഗുരി നഗരത്തിലെ ചേരിയിൽ വൻ തീപിടിത്തം. ഒരു അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനും ഒരു കുട്ടിക്കും ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് കമ്മീഷണർ അഖിലേഷ് ചതുർവേദി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരമാണ് സിലിഗുരി നഗരത്തിലെ ചേരിയിൽ വൻ തീപിടിത്തമുണ്ടായത്. നഗരത്തിലെ 18-ാം വാർഡിലെ റാണ ബസ്തി എന്നറിയപ്പെടുന്ന സ്ഥലത്ത് രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എട്ട് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നഗരത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ സ്ഥലത്തെത്തി സന്ദർശനം നടത്തി. ഏകദേശം രണ്ടായിരത്തോളം ആളുകളാണ് ഈ ചേരിയിൽ താമസിക്കുന്നത്. തീ ആളിപ്പടരുന്നത് കണ്ട് പലരും വീടുകളിൽ നിന്ന് ഇറങ്ങി ഓടി. നിരവധി വീടുകൾ മുഴുവനായി കത്തി നശിച്ച അവസ്ഥയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...