അമരാവതി: 371 കോടി രൂപയുടെ അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. ഇതോടെ നായിഡുവിനെ വിജയവാഡ മെട്രോപൊളിറ്റന്‍ കോടതി 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജമണ്ട്രി ജയിലിലേയ്ക്കാണ് അദ്ദേഹത്തെ മാറ്റുക. ഈ മാസം 24 വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. നായിഡുവിന് ജാമ്യം നിഷേധിച്ചതിനെതിരെ ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ടിഡിപിയുടെ തീരുമാനം.
409-ാം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ നായിഡു കുറ്റകരമായ വിശ്വാസ വഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവെച്ചു. സുപ്രീം കോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ചന്ദ്രബാബു നായിഡുവിന് വേണ്ടി കോടതിയില്‍ ഹാജരായത്. കനത്ത സുരക്ഷയിലാണ് നായിഡുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
ALSO READ: പ്രവേശനം തടഞ്ഞു, പിന്നാലെ റോഡിൽ കിടന്ന് പ്രതിഷേധം; പവൻ കല്യാൺ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസമാണ് ആന്ധ്ര പോലീസിലെ സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ 6 മണിയ്ക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മാനവവിഭവ ശേഷി പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഈ കമ്പനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്.
2014ല്‍ ഒപ്പിട്ട കരാറില്‍ അഴിമതിയുണ്ടെന്നും ഇതില്‍ ചന്ദ്രബാബു നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗത്തിന്റെ കണ്ടെത്തല്‍. സംസ്ഥാന മന്ത്രിസഭയെ തെറ്റിധരിപ്പിച്ചാണ് കരാര്‍ ഒപ്പിട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അധികാരത്തിലേറി രണ്ട് മാസം മുമ്പാണ് ഈ അഴിമതി വിവരം ആദ്യമായി പുറത്തുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...