കൊച്ചി:സേലത്തു നിന്നും ട്രെയിന്‍മാര്‍ഗം ചെന്നൈയിലെ റിസർവ് ബാങ്ക് റീജനൽ ഓഫിസിലേക്കു കൊണ്ടുപോയ 342 കോടി രൂപയില്‍ നിന്ന് 5.8 കോടി രൂപയുടെ പഴയ നോട്ടുകെട്ടുകൾ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ടു എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തമിഴ്നാട് സിബിസിഐഡികള് പരിശോധന നടത്തി. പണം കവരാനായി മുറിച്ചുമാറ്റിയ കോച്ച് കൊച്ചിയില്‍ നിന്നാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. സൗത്ത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
ഈ മാസം 9 നാണ് സേലം-ചെന്നൈ എക്സ്പ്രസിലെ (11064) മൂന്നു പ്രത്യേക പാഴ്സൽ വാനുകളിൽ ഒന്നിന്റെ മുകളില്‍ ദ്വാരമുണ്ടാക്കിയ ശേഷം കൊള്ളയടിച്ചത്. 342 കോടി രൂപയാണു മൊത്തത്തില്‍ ഉണ്ടായിരുന്നത്. ഇതിൽ 5.78 കോടി രൂപ കൊള്ളയടിച്ചു. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്.
ഈ പാഴ്സല്‍ കോച്ച് സേലം ചെന്നൈ എക്സ്പ്രസില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് എറണാകുളം സൗത്ത് സ്റ്റേഷനിലുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് അന്വേഷിക്കുന്ന തമിഴ്നാട് സിബിസിഐഡി സംഘം കൊച്ചിയിലെത്തിയത്. തമിഴ്നാട്ടിലേക്കുള്ള ടി ഗാര്ഡന് എക്സ്പ്രസില്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് ഈ പാഴ്സല്‍ കോച്ച് ഘടിപ്പിച്ചാണ് സേലത്തെത്തിച്ചത്.
ആര്‍ബിഐ പണം കൊണ്ടുപോകാനായി ഉപയോഗിച്ച ഈ കോച്ചുകളുടെ സുരക്ഷാപരിശോധനയും അവസാനമായി നടത്തിയതും കൊച്ചിയില്‍ വച്ചായിരുന്നു. അതുകൊണ്ടുതന്നെ പണം നിറയ്ക്കുന്നതിന് മുമ്പ് കോച്ചില്‍ എന്തെങ്കിലും സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷണം. എറണാകുളം സൗത്ത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും, സേലത്ത് നിന്ന് ചെന്നൈയിലേക്ക് പണവുമായി ട്രെയിന്‍ പുറപ്പെട്ട സമയവും സൗത്ത് സ്റ്റേഷന് കേന്ദ്രീകരിച്ച് നടന്ന ഫോണ്‍വിളികളുടെ വിശദാംശങ്ങളും കൊച്ചിയിലെത്തിയ അന്വേഷണസംഘം ശേഖരിച്ചു.