തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കുന്നതിനിടെ സോണിയാഗാന്ധി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പിൽ പ്രശാന്തിന്റെ കൃത്യമായ പങ്കിനെ കുറിച്ചും പാർട്ടിയിൽ ചേരുമോ അല്ലെങ്കിൽ പിന്തുണയ്ക്കുമോ എന്നതിനെക്കുറിച്ചും മുതിർന്ന നേതാക്കളുമായി സംസാരിച്ചു. രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. രാഹുൽ, പ്രിയങ്ക എന്നിവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം എടുക്കാൻ സോണിയയെ മുതിർന്ന നേതാക്കൾ ചുമതലപ്പെടുത്തി.
പ്രശാന്ത് കിഷോർ നൽകിയ പദ്ധതി അനുസരിച്ച് പൊതുതിരഞ്ഞെടുപ്പിൽ 370 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി. ഈ ആക്ഷൻ പ്ലാനിൽ ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കകം തീരുമാനമറിയിക്കാൻ സോണിയാ ഗാന്ധി മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി.
പ്രിയങ്ക ഗാന്ധിയുമായും മുതിർന്ന പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാം തവണയും പ്രശാന്ത് കിഷോറുമായും സോണിയ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡ് ഉള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ.
തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണ് കോൺഗ്രസ് നേതൃത്വം പ്രശാന്ത് കിഷോറുമായി ചർച്ച തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് വച്ച് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അത് നിലച്ചു. പിന്നീട് കോൺസിന്റെ നിലനിൽപ്പ് ലക്ഷ്യമിട്ട് പാർട്ടി നേതൃത്വം വീണ്ടും പികെയുമായി ചർച്ചകൾ പുനരാരംഭിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...